നിർമാണ ജോലികൾ പാതിവഴിയിൽ, ജനം ദുരിതത്തിൽ; അങ്ങാടിക്കടവ് അടിപ്പാത ആകെ ‘കുളമായി’
Mail This Article
അങ്കമാലി ∙ അങ്ങാടിക്കടവ് റെയിൽവേ അടിപ്പാതയുടെ നിർമാണ ജോലികൾ പാതിവഴിയിൽ. ജനം ദുരിതത്തിൽ. റോഡിലെ മെറ്റൽ ഇളകിപ്പോയി. വഴിവിളക്കുകൾ ഇല്ലാത്തതും പ്രശ്നമാകുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും ഒട്ടേറെ പ്രക്ഷോഭങ്ങളെത്തുടർന്നുമാണ് അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത യാഥാർഥ്യമായത്. അങ്കമാലിയിൽ നിന്നു വട്ടപ്പറമ്പിലേക്കുള്ള പൊതുമരാമത്ത് റോഡിലാണ് അടിപ്പാത നിർമിച്ചത്. പാത ഓഗസ്റ്റ് 22ന് തുറന്നു നൽകിയെങ്കിലും ഇതുവരെ ടാറിങ് നടത്തിയിട്ടില്ല. വഴിവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തിട്ടില്ല.
ജനങ്ങൾ വലിയ ദുരിതത്തിലാണ്. മെറ്റൽ വിരിച്ചത് ഇളകിപ്പോയി. കുഴികൾ രൂപപ്പെടുകയും അവ റോഡിൽ ചിതറി കിടക്കുകയും ചെയ്യുന്നതിനാൽ ബൈക്കുകൾ അപകടത്തിൽപ്പെടാനുള്ള സാധ്യതകളേറെയാണ്. റെയിൽവേ ലൈനിന്റെ ഇരു ഭാഗത്തും വഴിവിളക്കുകൾ സ്ഥാപിക്കാത്തതിനാൽ രാത്രിയായാൽ യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. റെയിൽവേ ലൈനിന്റെ അടിഭാഗത്ത് കൂരിരുട്ടാണ്. അടിപ്പാതയുടെ നിർമാണം നടന്നുകൊണ്ടിരിക്കെ സ്വകാര്യബസുകളും സ്കൂൾ ബസുകളും ഏറെ ചുറ്റിക്കറങ്ങി കരയാംപറമ്പ് വഴിയാണ് ഓടിയിരുന്നത്.
ഒരു മാസത്തിനുള്ളിൽ നിർമാണ ജോലികൾ പൂർത്തീകരിക്കുമെന്ന അധികാരികളുടെ പ്രഖ്യാപനം പാഴ്‌വാക്കായി. അടിപ്പാത ഗതാഗതത്തിനു തുറന്നു നൽകിയതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ജനങ്ങളുടെ യാത്രാ ആവശ്യവും സുരക്ഷയും കണക്കിലെടുത്ത് അടിപ്പാതയുടെ ഇനിയുള്ള നിർമാണ ജോലികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കി വഴിവിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.