ആശുപത്രിയിലെ വിദ്യാർഥി സംഘട്ടനം: സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്
Mail This Article
മട്ടാഞ്ചേരി∙ കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ കെഎസ് യു – എസ്എഫ്ഐ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ സിപിഎം കൊച്ചി ഏരിയ സെക്രട്ടറി കെ.എം.റിയാദ് അടക്കം 20 പേർക്ക് എതിരെ പൊലീസ് കേസെടുത്തു. കെഎസ് യു പ്രവർത്തകരായ അൽ അമീൻ, മുഹമ്മദ് നഫീദ്, റിസ്വാൻ എന്നിവരുടെ പരാതികളിലാണ് കേസ്. ഇരുപതോളം പേർ സംഘം ചേർന്ന് കെഎസ് യു പ്രവർത്തകരെ ആശുപത്രിയിൽ കയറി മർദിച്ചതായാണ് പരാതി.
ആശുപത്രിയുടെ ഗ്ലാസ് ഡോർ തകർക്കുകയും വാർഡിലെ രോഗികൾക്ക് നേരെ ബഹളം വയ്ക്കുകയും ചെയ്തതിന് ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന തോപ്പുംപടി എസ്ഐ പി.ഷാബിയുടെ പരാതിയിലും കണ്ടാലറിയാവുന്ന ഇരുപതോളം പേർക്ക് എതിരെ കേസ് ഉണ്ട്. സിപിഎം ഏരിയ സെക്രട്ടറി കെ.എം.റിയാദിന് എതിരെ കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി പൊലീസ് കള്ളക്കേസ് എടുക്കുകയായിരുന്നുവെന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിച്ചു.
കോൺഗ്രസ് മാർച്ച് നടത്തി
മർദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന കെഎസ് യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ കയറി മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ അസി.പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സ്റ്റാർ ജംക്‌ഷനിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കൊച്ചി നോർത്ത് ബ്ലോക്ക് പ്രസിഡന്റ് വി.എച്ച്. ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ജോൺ പഴേരി, കെ.എം.റഹിം, പി.പി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.