ADVERTISEMENT

കൊച്ചി∙ ഗുണനിലവാരമില്ലാത്ത പെയിന്റ് നൽകുകയും ഉപയോഗിച്ചതുമൂലം മതിലിലെ പെയിന്റ് പൊളിഞ്ഞു പോകുകയും ചെയ്തെന്ന പരാതിയിൽ കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ. പെയിന്റിന് ചെലവായ 78,860 രൂപ, പുതിയ പെയിന്റ് അടിക്കുന്നതിന്റെ ചെലവായ 2,06,979 രൂപ, നഷ്ടപരിഹാരം 50,000 രൂപ, കോടതി ചെലവ് 20,000 രൂപ എന്നിവ ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ആണ് ഉത്തരവിട്ടത്. എറണാകുളം കോതമംഗലം സ്വദേശി ടി.എം.മൈതീൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

കോതമംഗലത്തെ സ്ഥാപനത്തിൽനിന്ന് ഒരു വർഷത്തെ വാറന്റിയോടെയാണ് പരാതിക്കാരൻ പെയിന്റ് വാങ്ങിയത്. വാറന്റി കാലയളവിനുള്ളിൽ തന്നെ പ്രതലത്തിൽ നിന്നും പെയിന്റ് പൊളിഞ്ഞു പോകാൻ തുടങ്ങി. ഡീലറെ സമീപിച്ച് പരാതി പറഞ്ഞതിനെ തുടർന്ന് നിർമാണ കമ്പനിയുടെ പ്രതിനിധി വന്ന് പരിശോധിച്ചെങ്കിലും തുടർ നടപടികള്‍ ഉണ്ടായില്ല. തുടർന്ന് പെയിന്റിന്റെ വിലയും റിപ്പയറിങ് ചാർജും നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെട്ട് കമ്മിഷനെ സമീപിക്കുകയായിരുന്നു.

ഭിത്തിയിൽ ഈർപ്പമുള്ളതിനാലാണ് പെയിന്റ് പൊളിഞ്ഞു പോയതെന്നും ഉപ്പുരസം ഉണ്ടെങ്കിൽ ഇത്തരം പ്രതിഭാസം ഉണ്ടാകുമെന്നും ഉൽപന്നത്തിന്റെ ന്യൂനതയല്ല, അതിനാൽ വാറന്റിയുടെ പരിധിയിൽ വരുന്നതല്ലെന്നും കമ്പനി കോടതിയിൽ ബോധിപ്പിച്ചു. പെയിന്റ് വിറ്റത് തങ്ങൾ ആണെങ്കിലും അതിന്റെ നിലവാരത്തിൽ ഉത്തരവാദിത്വം ഇല്ലെന്നും നിർമാതാക്കളാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും ഡീലർ ബോധിപ്പിച്ചു. ഗുണനിലവാരമില്ലാത്ത എമൽഷൻ ഉപയോഗിച്ചതിനാലാണ് പെയിന്റ് പൊളിഞ്ഞു പോയതെന്ന് കോടതി നിയോഗിച്ച വിദഗ്ധ കമ്മിഷൻ റിപ്പോർട്ട് നൽകി.

നിർമാതാക്കളുടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ വിശ്വസിച്ച് ഉൽപന്നങ്ങൾ വാങ്ങിയ ഉപയോക്താക്കൾ കബളിപ്പിക്കപ്പെടുമ്പോൾ ഇത്തരം അധാർമികമായ വ്യാപാര രീതി അനുവദിക്കാനാവില്ലെന്ന് ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. പെയിന്റ് ചെയ്ത് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പൊളിഞ്ഞു പോകുകയും പരാതിപ്പെട്ടപ്പോൾ പരിഹരിക്കാൻ എതിർകക്ഷികൾ തയാറായില്ലെന്നും കമ്മിഷൻ വിലയിരുത്തി. പിഴ തുക 30 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു. പരാതിക്കാർക്ക് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

English Summary:

A consumer in Ernakulam, Kerala, won a case against a paint company and its dealer for selling him low-quality paint.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com