അങ്കമാലി ബൈപാസ് സ്ഥലം ഏറ്റെടുക്കൽ ഈ സാമ്പത്തിക വർഷം പൂർത്തിയായേക്കും
Mail This Article
അങ്കമാലി ∙ അങ്കമാലി ബൈപാസിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഈ സാമ്പത്തിക വർഷം പൂർത്തിയായേക്കും. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ബൈപാസിനു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ ടോറൻസ് സ്കെച്ച് തയാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത മാസത്തോടെ പൂർത്തിയാകും. ഡിവിആർ (ഡീറ്റെയ്ൽഡ് വാലുവേഷൻ റിപ്പോർട്ട്) തയാറാക്കി കിഫ്ബിക്കു കൈമാറും. കിഫ്ബി പണം അനുവദിച്ച് റവന്യു വകുപ്പിനു നൽകിയാൽ സ്ഥലം ഏറ്റെടുക്കാനാകും. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങൾ, മരങ്ങൾ തുടങ്ങിയവയുടെ വില തിട്ടപ്പെടുത്തിയാണു സ്ഥലത്തിനു വില ഇടുന്നത്.കെട്ടിടങ്ങളുടെ വില നിശ്ചയിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്.
കിഫ്ബി പണം നൽകിയാൽ അടുത്ത വർഷം ഫെബ്രുവരിയോടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ഥലം ഏറ്റെടുത്താൽ നിർമാണത്തിനുള്ള ടെൻഡർ നടപടികളിലേക്കു കടക്കാനുമാകും. കരയാംപറമ്പ് ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് അങ്കമാലി റെയിൽവേ സ്റ്റേഷൻ ജംക്‌ഷനിൽ എത്തിച്ചേരുന്ന ഏകദേശം 3.5 കിലോമീറ്റർ ദൂരമുള്ള ബൈപാസാണു നിർമിക്കുന്നത്.ഏകദേശം 7 ഇടറോഡുകളെയും മാഞ്ഞാലി പുഴയെ 3 സ്ഥലങ്ങളിലും ഖണ്ഡിച്ചുകൊണ്ടാണ് ബൈപാസ് കടന്നുപോകുന്നത്. ഭൂരിഭാഗം പ്രദേശത്തും എലിവേറ്റഡ് ഹൈവേ ആയതിനാൽ തോടിന്റെ നീരോഴുക്കിനൊ പ്രദേശത്തെ തണ്ണീർത്തടങ്ങൾക്കൊ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.
എന്നാൽ കരയായി പരിവർത്തനം ചെയ്‌തിരിക്കുന്ന കുറച്ചു കൃഷിഭൂമികളും മറ്റും ഏറ്റെടുക്കേണ്ടിവരും. വർഷങ്ങളേറെയായി ജനങ്ങൾ കാത്തിരിക്കുന്ന ബൈപാസാണിത്. ദേശീയപാതയും എംസി റോഡും സന്ധിക്കുന്ന അങ്കമാലി പട്ടണത്തിൽ നിലവിൽ വൻഗതാഗതക്കുരുക്കുണ്ട്. കൊച്ചിയിലേക്കും കോട്ടയത്തേക്കും തൃശൂരിലേക്കും വടക്കൻ പറവൂരിലേക്കും പോകാനുള്ള പ്രധാന ജംക്‌ഷനാണ് അങ്കമാലി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സാന്നിധ്യമുള്ളതിനാൽ തിരക്കേറിയ പട്ടണമായി അങ്കമാലി മാറി.
ആംബുലൻസ്, ഫയർഎൻജിൻ ഉൾപ്പെടെ അത്യാവശ്യമായി കടന്നുപോകേണ്ട വാഹനങ്ങൾക്കു പോലും ഏറെ നേരം കാത്തുകിടക്കേണ്ട സ്ഥിതിയാണ്. ദീർഘദൂര യാത്രക്കാരും ദുരിതത്തിലാകുന്നു. വാഹനങ്ങൾ നിർത്തി കടകളിൽ നിന്നു സാധനങ്ങൾ വാങ്ങാൻ കഴിയാത്തതിനാൽ അങ്കമാലിയിലെ വ്യാപാരവും കുറഞ്ഞു.ആഘോഷങ്ങളും മറ്റും വരുമ്പോൾ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.മഞ്ഞപ്ര, മലയാറ്റൂർ, ആലുവ, പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കു പോകേണ്ട യാത്രക്കാരെല്ലാം വഴിയിൽ തങ്ങേണ്ടിവരും.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ദുരിതത്തിലാകാറുണ്ട്. ദേശീയപാതയിൽ ഭൂരിഭാഗം ദിവസങ്ങളിലും കറുകുറ്റി മുതൽ അങ്കമാലി വരെ ഗതാഗതക്കുരുക്കിൽ ആകാറുണ്ട്. ബൈക്ക് യാത്രക്കാർക്കു പോലും കടന്നുപോകാനാകാത്ത സ്ഥിതിയാണ്. വാഹനാപകടങ്ങളും ഉണ്ടാകാറുണ്ട്. അങ്കമാലി മുതൽ കരയാംപറമ്പ് വരെയുള്ള ഭാഗത്ത് എവിടെയെങ്കിലും വാഹനാപകടം ഉണ്ടായാൽ അങ്കമാലിയും പരിസരപ്രദേശങ്ങളും വൻ ഗതാഗതക്കുരുക്കിലാകും. ബൈപാസ് യാഥാർഥ്യമായാൽ അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകും.