ഇടപ്പള്ളി, കളമശേരി, ആലുവ, അങ്കമാലി മേഖലയിലെ ഗതാഗത പരിഷ്കാരം വിജയം: മോട്ടർ വാഹന വകുപ്പ്
Mail This Article
കാക്കനാട്∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നിർദേശ പ്രകാരം ഇടപ്പള്ളി, കളമശേരി, ആലുവ, അങ്കമാലി മേഖലയിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരം വിജയമെന്ന് മോട്ടർ വാഹന വകുപ്പ്. അത്താണി നെടുമ്പാശേരി ജംക‍്ഷനിൽ ഫ്രീ ലെഫ്റ്റ് സംവിധാനം ക്രമീകരിച്ചതും വിമാനത്താവളത്തിലേക്ക് പ്രത്യേക സൗകര്യം സജ്ജമാക്കിയതും ഗതാഗതം എളുപ്പമാക്കി. അങ്കമാലിയിൽ നിന്ന് വിമാനത്താവളം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് പ്രാബല്യത്തിലാക്കിയത് പ്രയോജനമായി. വലിയ വാഹനങ്ങൾക്ക് അങ്കമാലിയിലേക്കുള്ള പ്രവേശനം തിരക്കുള്ള സമയത്ത് ഒഴിവാക്കിയതു മൂലം കുരുക്കൊഴിഞ്ഞു.
ആലുവ ജംക‍്ഷനിൽ ഫ്ലൈ ഓവർ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് നഗരത്തിൽ പ്രവേശിക്കാനും ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് ഫ്രീ ലെഫ്റ്റ് എടുത്തു പോകാനും കഴിയും വിധം സിഗ്നലുകൾ ഒരുക്കിയിട്ടുണ്ട്. പറവൂർ കവലയിൽ ഫ്രീ ലെഫ്റ്റ് സംവിധാനം നടപ്പാക്കാൻ 42 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. കളമശേരി എച്ച്എംടി ജംക‍്ഷനിലെ പരിഷ്കാരവും പ്രയോജനമായി. എച്ച്എംടി ജംക‍്ഷനിൽ സിഗ്നൽ ഒഴിവാക്കി. കാൽനടക്കാർക്കായി സീബ്രാ ലൈൻ ഒരുക്കുന്നുണ്ട്.
ഇടപ്പള്ളിയിലെ രണ്ട് യു ടേണുകൾ അടച്ചതും കുരുക്ക് കുറയാൻ കാരണമായി. ദേശീയപാതയിൽ കരയാംപറമ്പ് മുതൽ ഇടപ്പള്ളി വരെയുള്ള യാത്ര സുഗമമായെന്നും ആർടിഒമാരായ ടി.എം.ജെർസനും കെ.മനോജും പറഞ്ഞു.