കണ്ടത്തിൽ തോമസ് കോറെപ്പിസ്‌കോപ്പ അന്തരിച്ചു
Mail This Article
കൊച്ചി∙ മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനും സുറിയാനി പണ്ഡിതനും സുവിശേഷകനുമായ കണ്ടത്തിൽ തോമസ് കോറെപ്പിസ്‌കോപ്പ (87) അന്തരിച്ചു. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 10.30ന്. ഭവനത്തിലെ ശുശ്രൂഷകൾ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിന്റെ പ്രധാന കാർമികത്വത്തിലും സഭയിലെ മറ്റു മെത്രാപ്പൊലീത്തമാരുടെ സഹ കാർമികത്വത്തിലും ആരംഭിക്കും. തുടർന്ന് തൃപ്പൂണിത്തുറ നടമേൽ മൊർത്ത് മറിയം യാക്കോബായ സുറിയാനി റോയൽ മെട്രോപ്പൊലീത്തൻ പള്ളിയിൽ സംസ്കാരം നടത്തും.
കണ്ടത്തിൽ ഉലഹന്നാൻ - മറിയം ദമ്പതികളുടെ മകനാണ്. 1958 ഒക്ടോബർ 12ന് തൃപ്പൂണിത്തുറ നടമേൽ പള്ളിയിൽ വച്ച് കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത പൗലോസ് മോർ സേവേറിയോസ് മെത്രാപ്പൊലീത്തയിൽ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. 1962 ജൂൺ 30ന് അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത വൈദീക പട്ടം നൽകി. 1999 ജനുവരി 19ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ വച്ച് കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത കോറെപ്പിസ്‌കോപ്പ സ്ഥാനത്തേക്കുയർത്തി. മലങ്കര യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗം, സഭാ വർക്കിങ് കമ്മിറ്റി അംഗം, കൊച്ചി ഭദ്രാസന വൈദീക സെക്രട്ടറി, കൊച്ചി ഭദ്രാസന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ നടമേൽ മൊർത്ത് മറിയം യാക്കോബായ പള്ളിയിൽ 33 വർഷം വികാരിയായി സേവനമനുഷ്ഠിച്ചു. കൂടാതെ ചെറായി സെന്റ് മേരീസ് വലിയ പള്ളി, വൈക്കം സെന്റ് ജോർജ് പള്ളി, എറണാകുളം സെന്റ് മേരീസ് പള്ളി, വെണ്ണിക്കുളം സെന്റ് ജോർജ് പള്ളി, കരുവേലിപ്പടി സെന്റ് മേരീസ് ചാപ്പൽ, തുരുത്തിക്കര പള്ളി, പെരുമ്പിള്ളി സെന്റ് ജോർജ് സിംഹാസനപ്പള്ളി, എരുവേലി സെന്റ് തോമസ് പള്ളി, കുലയറ്റിക്കര സെന്റ് ജോർജ് പള്ളി, വടകര ഗിരി സീനായ് പള്ളി, കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രൽ എന്നീ ദേവാലയങ്ങളിലും വികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2007ൽ റിട്ടയർ ചെയ്തു. തൃപ്പൂണിത്തുറയുടെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. വൈഎംസിഎയുടെ മുൻ പേട്രൺ, ലെപ്രസി വെൽഫെയർ സൊസൈറ്റി കമ്മിറ്റിയുടെ ഭാരവാഹി, തൃപ്പൂണിത്തുറ ഗവ. കോളജിന്റെ സ്ഥാപക കമ്മിറ്റി മെമ്പർ, പ്രഭാത് സ്‌കൂൾ മുൻ ഡയറക്ടർ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വികസന സമിതി അംഗം, പ്രഭാത് ടീച്ചേഴ്സ് ട്രെയിനിങ് സ്‌കൂൾ മുൻ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1975 ൽ തൃപ്പൂണിത്തുറയിൽ ആദ്യമായി എക്യൂമെനിക്കൽ സമ്മേളനത്തിന് അന്നത്തെ കാതോലിക്കാ ഫൊറോനാ പള്ളി വികാരി റവ. ഫാ. ആന്റണി പുതുശ്ശേരിയുമായി ചേർന്ന് സജീവമായ നേതൃത്വം നൽകി. എസ്എൻഡിപി യോഗത്തിന്റെ സർവമത സമ്മേളനങ്ങളിലും സർവമത പ്രാർഥനകളിലും സ്ഥിരം ക്ഷണിതാവായിരുന്നു. വെങ്ങോല മല്യത്ത് കുടുംബാംഗം പരേതയായ കുഞ്ഞമ്മയാണ് ഭാര്യ. ഫെഡറൽ ബാങ്ക് റിട്ട. മാനേജർ റോയ് തോമസ്, റെയ് മോൾ എന്നിവരാണ് മക്കൾ. മരുമക്കൾ: മിനി റോയ് മാങ്കുളത്തിൽ, അഡ്വ. ജോൺ ദാനിയേൽ ഓലപ്പുര. സഹോദരങ്ങൾ: പരേതരായ മേരി, സാറ, പോൾ കണ്ടത്തിൽ.