അതിഥി തൊഴിലാളിയെ ആക്രമിച്ച് ഫോണും പണവും കവർന്ന പ്രതി പിടിയിൽ
Mail This Article
കൊച്ചി ∙ ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ അതിഥി തൊഴിലാളിയെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. വരാപ്പുഴ പള്ളിപ്പറമ്പില്‍ വീട്ടിൽ നന്ദകൃഷ്ണനെ (23) ആണ് ചേരാനല്ലൂർ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ഫോൺ പ്രതിയുടെ കൈയിൽ നിന്നും കണ്ടെടുത്തു. ഒക്ടോബർ 25നാണ് കേസിനാസ്പദമായ സംഭവം.
ഒഡീഷ സ്വദേശിയായ ചരൺ നായിക് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് സൈക്കിളിൽ പോകുമ്പോൾ ചേരാനല്ലൂർ സിഗ്നൽ ജംക്‌ഷന്‍ ഭാഗത്തുവച്ച് നന്ദകൃഷ്ണനും പ്രായപൂർത്തിയാകാത്ത സുഹൃത്തും സ്കൂട്ടറിലെത്തി സൈക്കിളിന് പിന്നിൽ ഇടിച്ചുവീഴ്ത്തി. ചരൺ നായിക്കിനെ പ്രതി ഹെൽമറ്റ് കൊണ്ട് ഇടിക്കുകയും മൊബൈൽ ഫോൺ, 1000 രൂപ എന്നിവ അപഹരിച്ച് സ്കൂട്ടറിൽ രക്ഷപ്പെടുകയുമായിരുന്നു. ആക്രമണത്തിൽ ചരണിന്റെ കൈയ്ക്കും കാലിനും മുറിവേറ്റു.
പൊലീസിൽ പരാതി നൽകിയെങ്കിലും ചരണിന് പ്രതികളെക്കുറിച്ചുള്ള വിവരം നൽകാൻ സാധിച്ചില്ല. തുടർന്ന് ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് അയച്ചു. നന്ദകൃഷ്ണനെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാൾക്ക് വിവിധ സ്റ്റേഷനുകളിൽ അടിപിടി, ലഹരിമരുന്ന് കേസുകള്‍ നിലവിലുണ്ട്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇത്തരത്തിൽ ആക്രമണം നടത്തി പണവും മറ്റു വസ്തുക്കളും അപഹരിച്ചാൽ പൊലീസിൽ പരാതി നൽകാൻ ഭയപ്പെടുമെന്നും പ്രതികളെക്കുറിച്ച് പൊലീസിനോട് പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ലെന്നുമുള്ള വിശ്വാസത്തിലാണ് കൃത്യം ചെയ്തതെന്ന് നന്ദകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു.