സീപോർട്ട് റോഡ്: പൊലീസ് ഇല്ല, ജംക‍്ഷനുകളിൽ ഗതാഗതം തോന്നിയ പോലെ; അപകടം കൂടുന്നു
Mail This Article
കാക്കനാട് ∙ സീപോർട്ട് – എയർപോർട്ട് റോഡിലെ പ്രധാന ജംക‍്ഷനുകളിൽ പൊലീസോ ട്രാഫിക് വാർഡനോ ഇല്ലാത്തത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നതായി പരാതി. ഇന്നലെ വീട്ടമ്മയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടവും അധികൃതരുടെ ജാഗ്രതക്കുറവിൽ സംഭവിച്ചതാണ്. സീപോർട്ട് – എയർപോർട്ട് റോഡും ഇടപ്പള്ളി– പുക്കാട്ടുപടി റോഡും കൂടി ചേരുന്ന വള്ളത്തോൾ ജംക‍്ഷനിൽ തിരക്കേറിയ സമയത്തു പോലും പൊലീസിന്റെയോ ട്രാഫിക് വാർഡന്റെയോ സേവനം ലഭിക്കുന്നില്ല. പുക്കാട്ടുപടി റോഡിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ സീപോർട്ട് റോഡ് കുറുകെ കടന്നു ജഡ്ജിമുക്ക് വഴി വേണം പോകാൻ.
പുക്കാട്ടുപടിയിൽ നിന്നുള്ള വാഹനങ്ങൾ സീപോർട്ട് റോഡിൽ പ്രവേശിക്കുന്ന ഭാഗത്തോ ജഡ്ജിമുക്ക് റോഡിലേക്ക് തിരിഞ്ഞു കയറുന്ന ഭാഗത്തോ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. രാവിലെയും വൈകിട്ടും ഇടപ്പള്ളി–പുക്കാട്ടുപടി റോഡിൽ വൻ വാഹനത്തിരക്കാണ്. ഒരു കിലോമീറ്റർ മാറിയുള്ള ഓലിമുകൾ ജംക‍്ഷനിലെയും സ്ഥിതി ഇതു തന്നെ. തിരക്കേറിയ സിവിൽ ലൈൻ റോഡും സീപോർട്ട് റോഡും കൂടിച്ചേരുന്ന ഭാഗമാണിത്. ഇവിടെയും പൊലീസോ ട്രാഫിക് വാർഡനോ ഇല്ല. കലക്ടറേറ്റ് ജംക‍്ഷനിൽ സിഗ്നൽ സംവിധാനവും ഫ്രീ ലെഫ്റ്റും യു ടേണും ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ചെറിയൊരു ആശ്വാസമുണ്ട്.
വൈറ്റില–പാലാരിവട്ടം ബൈപാസിൽ നിന്ന് കാക്കനാട്ടേക്ക് എളുപ്പ വഴി നോക്കി വെണ്ണല, പാലച്ചുവട് വഴി കടന്നു വരുന്ന വാഹനങ്ങൾ സീപോർട്ട് റോഡിൽ പ്രവേശിക്കുന്ന ഈച്ചമുക്ക് ജംക‍്ഷനും അപകട സാധ്യത പ്രദേശമാണ്. ഇൻഫോപാർക്ക് കവാടത്തിൽ നിന്നുള്ള ഐടി നാലുവരിപ്പാത സീപോർട്ട് റോഡിൽ ചേരുന്ന ചിറ്റേത്തുകരയിലും മുൻകരുതൽ വേണം.
അനധികൃത പാർക്കിങ്ങും വെളിച്ചക്കുറവും വില്ലൻ
കാക്കനാട്, കളമശേരി ഭാഗത്ത് സീപോർട്ട് – എയർപോർട്ട് റോഡിൽ പലയിടങ്ങളിലും അനധികൃത പാർക്കിങ് ഇപ്പോഴുമുണ്ട്. മെട്രോ റെയിൽ നിർമാണം നടക്കുന്നതു മൂലമുള്ള തിങ്ങലുമുണ്ട്. നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ടാങ്കർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും ചിലയിടങ്ങളിൽ പാർക്ക് ചെയ്യുന്നു. സീപോർട്ട് റോഡിൽ അനധികൃത തട്ടുകടകൾ പെരുകിയതിനാൽ ഇവിടങ്ങളിലും റോഡിലേക്ക് ഇറക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. രാത്രിയിലെ വെളിച്ചക്കുറവും വാഹനങ്ങളെയും കാൽനടക്കാരെയും വലയ്ക്കുന്നു. ചിലയിടങ്ങളിൽ വഴി വിളക്കുകൾ കത്തുന്നില്ല.
കളമശേരി എച്ച്എംടി റോഡ് മുതൽ കരിങ്ങാച്ചിറ വരെ ദൈർഘ്യമുള്ള സീപോർട്ട് – എയർപോർട്ട് റോഡിൽ ചെറുകിട അപകടങ്ങൾ മിക്കവാറും ദിവസങ്ങളിൽ ഉണ്ടാകുന്നു. ഇരയാകുന്നവരിൽ കൂടുതലും ഇരുചക്ര വാഹന യാത്രികരാണ്. റോഡിൽ തന്നെ ഒത്തു തീർപ്പാക്കി പോകുന്നതിനാൽ ഇത്തരം അപകടങ്ങൾ പൊലീസിന്റെ കണക്കിൽപെടാറില്ല. പെട്രോളിയം ഉൽപന്നങ്ങൾ കയറ്റിയ ടാങ്കറുകൾ ഉൾപ്പെടെ ഒട്ടേറെ അപകടകരമായ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്.