മാലിന്യ സംസ്കരണം: തീരുമാനങ്ങൾ ചവറ്റുകുട്ടയിൽ
Mail This Article
കളമശേരി ∙ ഉറവിട മാലിന്യ സംസ്കരണത്തിനായി നഗരസഭാ കൗൺസിൽ എടുത്ത തീരുമാനങ്ങളൊന്നും നടപ്പിലായില്ല. 4 വർഷത്തിനിടയിൽ പ്ലാസ്റ്റിക് മാലിന്യം വിൽക്കാൻ 4 കോടി നൽകി, എയ്റോബിക് ബിന്നുകൾ വാങ്ങാൻ 3 കോടി രൂപയും ചെലവായി. യൂസർഫീ ഇനത്തിൽ നഗരസഭയ്ക്ക് വരുമാനം 20 ലക്ഷം രൂപ മാത്രം. ചെലവാകട്ടെ 30 ലക്ഷം രൂപയും. ഒരു കിലോഗ്രാം പ്ലാസ്റ്റിക് നീക്കുന്നതിനു 10 രൂപയാണു നഗരസഭ ചെലവഴിക്കുന്നത്. കൺസോർഷ്യത്തിനു ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്താൻ കഴിയാത്തതിനാൽ നഗരസഭാ ഫണ്ടിൽ നിന്ന് നൽകേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.
10 ശതമാനം സബ്സിഡിയോടെ എല്ലാ താമസക്കാർക്കും ബയോബിൻ വിതരണം ചെയ്യുമെന്നായിരുന്നു തീരുമാനം. നാലിലൊന്നു താമസക്കാർക്കു പോലും ബിന്നുകൾ വിതരണം ചെയ്യാനായില്ല. വാങ്ങിയ എയ്റോബിക് ബിന്നുകൾ പോലും മുഴുവനായി നൽകാനുമായില്ല. അജൈവമാലിന്യം സംസ്കരിക്കുന്നതിനു ബയോവേസ്റ്റ് ഇലക്ട്രിക്കൽ പ്രോസസർ വാങ്ങുമെന്നും അറിയിച്ചിരുന്നു.
മാലിന്യ സംസ്കരണത്തിനു നീക്കിവച്ച 7 കോടിയും തീർന്നിട്ടും പദ്ധതികൾ ഒന്നും ഒരിടത്തുമെത്തിയില്ല. 2023 ഓഗസ്റ്റ് 15 മുതൽ വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കേണ്ടതില്ലെന്നു കൗൺസിൽ ഐകകണ്ഠ്യേന തീരുമാനമെടുത്തിരുന്നുവെങ്കിലും അതും കടലാസിൽ മാത്രമായി. തുമ്പൂർമുഴി മാതൃകയിൽ പത്തിൽ കുറയാതെ ബയോ കംപോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുമെന്നായിരുന്നു 2 വർഷം മുൻപുള്ള പ്രഖ്യാപനം. പേരിനെങ്കിലും ഒരെണ്ണം സ്ഥാപിക്കാൻ നഗരസഭയ്ക്കായില്ല.
മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ ക്യാമറകൾ സ്ഥാപിക്കാൻ 7 വർഷമായി ശ്രമിക്കുന്നു. പദ്ധതി ഇപ്പോഴും ശൂന്യതയിൽ തന്നെ. ഹരിതകർമസേനയുടെ പ്രവർത്തനവും പരാജയമാണ്. എല്ലാ വീടുകളെയും ഹരിതകർമ സേനയുടെ കീഴിലാക്കാൻ കഴിഞ്ഞിട്ടില്ല. മാലിന്യ സംഭരണത്തിനു 44 േപരാണുള്ളത്. ഇവർക്കു പുറമേ യൂസർഫീ ശേഖരിക്കാൻ 14 പേരുണ്ട് ഇവരെയെല്ലാം നിയന്ത്രിക്കാൻ 4 കരാർ ജീവനക്കാരുമുണ്ട്.
നഗരസഭയിലെ റോഡുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും നിറയുന്ന മാലിന്യം നഗരസഭയെ കൊഞ്ഞനം കുത്തുന്ന അവസ്ഥയാണ്. പലരും വീടുകളിൽ പ്ലാസ്റ്റിക് കത്തിക്കുന്നതും പതിവാക്കി. ഹരിതകർമ സേനയുടെ നിയന്ത്രണം താൽക്കാലിക ഉദ്യോഗസ്ഥരിൽ നിന്നു മാറ്റി ഹെൽത്ത് ഇന‍്സ്പെക്ടർക്കു നൽകാൻ കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്.