കുണ്ടന്നൂർ പാലം നാളെ തുറക്കും
Mail This Article
കുണ്ടന്നൂർ ∙ സ്റ്റോൺ മാസ്റ്റിക് അസാൾട്ട് (എസ്എംഎ) ടാറിങ് പൂർത്തിയാക്കി സെറ്റാകാനുള്ള സമയയും കഴിഞ്ഞ കുണ്ടന്നൂർ– തേവര പാലം നാളെ തുറക്കും. 1.75 കിലോ മീറ്റർ പാലത്തിലെ ടാറിങ് യുദ്ധകാലാടിസ്ഥാനത്തിലാണ് പൂർത്തിയാക്കിയത്. കുണ്ടന്നൂർ ജംക്‌ഷൻ ഭാഗത്തെ സർവീസ് റോഡ് ബിഎം ബിസി ടാറിങ് കൂടി നടത്താനാണ് 2 ദിവസം കൂടി അടച്ചിട്ടത്. പാലത്തിലെ ടാറിങ്ങിനെ മഴ കാര്യമായി ബാധിച്ചില്ലെങ്കിലും സർവീസ് റോഡിൽ ടാർ ചെയ്തപ്പോൾ ശക്തമായ മഴയായിരുന്നു. ജംക്‌ഷൻ വരെ 35 മീറ്റർ വീതിയിൽ 300 മീറ്ററാണ് ടാറിങ്. ഇതിൽ പകുതി ഇന്നലെവരെ ചെയ്തു. ഇന്നും മഴ തുടർന്നാൽ ടാറിങ് നടക്കില്ല. എങ്കിലും ഇത് പാലം തുറന്നു കൊടുക്കുന്നതിനു തടസ്സമാകില്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ പറഞ്ഞു. ഒക്ടോബർ 15നാണ് പാലം അടച്ചത്. ഇതോടൊപ്പം അടച്ച തേവര വെല്ലിങ്ഡൻ ദ്വീപ് അലക്സാണ്ടർ പറമ്പിത്തറ പാലം ടാറിങ് പൂർത്തിയാക്കി 25നു തുറന്നു കൊടുത്തിരുന്നു. കുണ്ടന്നൂർ പാലം കൂടി തുറക്കുന്നതോടെ നഗരം അനുഭവിക്കുന്ന ഗതാഗത കുരുക്കിന് ശമനമാകും.
പാലത്തിൽ വെള്ളക്കെട്ട്
ടാറിങ് പൂർത്തിയായ കുണ്ടന്നൂർ– തേവര പാലത്തിന്റെ ചിലഭാഗങ്ങളിൽ ഭീകര വെള്ളക്കെട്ടാണ്. മഴവെള്ളം ഒഴുകി പോകുന്നില്ല. എസ്എംഎ ടാറിങ് സെറ്റായതിനാൽ ഇളകുമെന്ന ആശങ്ക വേണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പഴയ ടാറിങ് ഇളകി പോകാൻ പ്രധാന കാരണം പാലത്തിലെ വെള്ളക്കെട്ടായിരുന്നെന്ന് യാത്രക്കാർ പറയുന്നു. ഓവുകളുടെ നവീകരണം നടത്താത്തതും നാട്ടുകാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ടാറിങ്ങിൽ ആദ്യം തകർന്ന ഭാഗങ്ങളിൽ തന്നെയാണ് ഇത്തവണയും വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുള്ളത്.
എക്സ്പാൻഷൻ ജോയിന്റുകളിലാണ് മഴവെള്ളം കെട്ടിക്കിടക്കുന്നത്. പഴയ എക്സ്പാൻഷൻ ജോയിന്റുകൾ നിലനിർത്തിയാണ് എസ്എംഎ ടാറിങ് ചെയ്തത്. പാലത്തിൽ വാഹനങ്ങളുടെ കുലുക്കം ഇതു കുറയ്ക്കുക എന്നതിനാണ് റീ സർഫിണ് പണിയിലെ പ്രഥമ പരിഗണന നൽകിയതെന്ന് അധികൃതർ പറയുന്നു. അതിനാലാണ് എക്സ്പാൻഷൻ ജോയിന്റ് നിലനിർത്തിയത്. എസ്എംഎ ലെയറുമായി റോൾ ചെയ്തു മിനുസപ്പെടുത്തിയപ്പോൾ ചില കോണുകളിൽ വെള്ളം കെട്ടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.