ADVERTISEMENT

കാലടി∙ പട്ടണത്തിലെ മലയാറ്റൂർ റോഡിൽ എത്തിയാൽ റോഡരിക് നിറയെ ചിതറി കിടക്കുന്ന മെറ്റൽ, വെയിലാണെങ്കിൽ പൊടി, മഴയാണെങ്കിൽ െചളി... ഇതാണ് കാഴ്ച. കാലടിക്കാരും കാലടിയിൽ എത്തുന്നവരും വലയുകയാണ്.  റോഡിന്റെ ഒരരികു കുത്തിപ്പൊളിച്ച് ശുദ്ധജല വിതരണ പൈപ്പുകൾ സ്ഥാപിച്ചിട്ട് ഒരു മാസത്തിലേറെയായി. പൈപ്പുകൾ സ്ഥാപിക്കുന്നതിന് കുത്തിപ്പൊളിച്ച ഭാഗം വെറുതേ മണ്ണിട്ടു മൂടി അതിനു മുകളിൽ കുറച്ച് മെറ്റൽ ഇടുക മാത്രമാണ് ചെയ്തത്. മണ്ണ് ഉറപ്പിച്ചിട്ടില്ല. റോഡ് കുത്തിപ്പൊളിച്ചുള്ള പണി കഴിഞ്ഞാലുടനെ അവിടെ ടാറിങ് നടത്തി പൂർവ സ്ഥിതിയിൽ ആക്കണമെന്നാണ് നിബന്ധന. ഇത്ര ദിവസമായിട്ടും അത് ചെയ്തിട്ടില്ല. 

വാഹനങ്ങൾ പോകുമ്പോൾ റോഡരികിലെ മണ്ണിൽ നിന്ന് പൊടി പറന്ന് ആളുകൾക്കു കാലടിയിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ബസ് കാത്തു നിൽക്കുന്നവർ മുഖം പൊത്തിയാണ് നിൽക്കുന്നത്.  ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ ബുദ്ധിമുട്ടുന്നു. കച്ചവട സ്ഥാപനങ്ങളിൽ ഇരിക്കാൻ കഴിയുന്നില്ല. വിൽപനയ്ക്കുള്ള സാധനങ്ങൾ പൊടിപിടിച്ചു നശിക്കുന്നു. പൊടിയിൽ നിന്നു രക്ഷപ്പെടാൻ ചില കച്ചവടക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ ഷീറ്റ് ഇട്ടിരിക്കുകയാണ്.  ചിലർ കടകൾക്കു മുന്നിൽ ഇടയ്ക്കു നനച്ചുക്കൊണ്ടിരിക്കുന്നു. കടകളിലേക്ക് ഉപയോക്താക്കൾ വരുന്നില്ലെന്നു കച്ചവടക്കാർ പറഞ്ഞു. 

ഇപ്പോൾ മഴ പെയ്യാൻ തുടങ്ങിയപ്പോൾ പൊടി മാറി റോഡരികിൽ ചെളിയായി. റോഡരികിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയായി. ഇരുചക്ര വാഹനങ്ങൾ തെന്നി മറിയുന്നു. കച്ചവട സ്ഥാപനങ്ങളിലേക്ക് കയറാൻ പറ്റുന്നില്ല. ബസ് സ്റ്റോപ്പിൽ ബസിലേക്ക് ചെളിയിൽ ചവിട്ടി കയറണം. ചെളി പ്രതിരോധിക്കാൻ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് കച്ചവടക്കാർ. ഇതിനു പുറമേ മെറ്റൽ റോഡിനു നടുവിലേക്ക് ചിതറി തെറിച്ച് അപകട സാധ്യതയുണ്ടാക്കുന്നു. കാലടിയിൽ ദിവസേന എത്തുന്ന തീർഥാടകരും ബുദ്ധിമുട്ടുന്നു. മണ്ഡലകാലം ഉടനെ ആരംഭിക്കുമ്പോൾ ധാരാളം ശബരിമല തീർഥാടകരായിരിക്കും കാലടിയിലേക്ക് എത്തുന്നത്. എന്നാൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പരസ്പരം പഴി ചാരി കൈമലർത്തുന്നു.

English Summary:

Malayattoor Road has become a safety hazard due to incomplete roadworks following the installation of drinking water pipelines. The dug-up portion remains untarred and poses risks to pedestrians and vehicles, especially during rain. Despite regulations requiring immediate restoration, the situation persists, causing inconvenience and highlighting concerns about civic responsibility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com