കായികമേള: അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി; കായികക്കടലിന്റെ റാണിയാകാൻ കൊച്ചി
Mail This Article
കൊച്ചി ∙ സംസ്ഥാന കായികമേളയിലെ ഉദ്ഘാടന ചടങ്ങിൽ തൃപ്പൂണിത്തുറ അത്തച്ചമയവും കൊച്ചിൻ കാർണിവലും. കൊച്ചിയുടെ പൈതൃകം നിറയുന്ന സാംസ്കാരികോത്സവങ്ങൾ എന്ന നിലയിലാണ് ഇരു പരിപാടികളും ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമാകുന്നത്. പരിപാടികളുടെ അവസാനവട്ട റിഹേഴ്സലുകൾ ഇന്നലെ മേളയുടെ പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്നതു മന്ത്രി വി.ശിവൻകുട്ടി വിലയിരുത്തി. നാളെ വൈകിട്ട് 4നു മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ്. സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടിയും കായികമേളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ ഒളിംപ്യൻ പി.ആർ.ശ്രീജേഷും ചേർന്നു ദീപശിഖ തെളിക്കും.
മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. മാർച്ച് പാസ്റ്റിൽ 3500 വിദ്യാർഥികളും സാംസ്കാരിക പരിപാടികളിൽ ജില്ലയിലെ 32 സ്കൂളുകളിൽ നിന്നുള്ള 4000 വിദ്യാർഥികളും അണിനിരക്കും. ചെറിയ വെടിക്കെട്ടുമുണ്ടാകും. അവസരങ്ങളും പ്രോത്സാഹനവുമാണു മികച്ച പ്രതിഭകളെ സൃഷ്ടിക്കുന്നതെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇത്തവണത്തെ സ്കൂൾ കായികമേള ഒട്ടേറെ പ്രതിഭകളെ സൃഷ്ടിക്കും. ഒട്ടേറെ റെക്കോർഡുകൾ പിറക്കും– മന്ത്രി പറഞ്ഞു. വിജയികൾക്കു മെഡലുകൾക്കും സമ്മാനത്തുകയ്ക്കും പുറമേ ഒലിവ് ഇലയുടെ മാതൃകയും അണിയിക്കും. വ്യക്തിഗത വിജയികൾക്ക് (യഥാക്രമം ആദ്യ 3 സ്ഥാനക്കാർക്ക്) 2000, 1750, 1500 രൂപ എന്നിങ്ങനെ സമ്മാനം. ടീമിനങ്ങളിൽ വിജയിക്കുന്ന ടീമിലെ അംഗങ്ങൾ ഓരോരുത്തർക്കും (യഥാക്രമം ആദ്യ 3 സ്ഥാനക്കാർക്ക്) 750, 500, 300 രൂപ എന്നിങ്ങനെ സമ്മാനം.
കായികമേളയുടെ വിജയത്തിനായി സഹായിക്കണം: മന്ത്രി
കൊച്ചി ∙ സ്കൂൾ കായിക മേള കൊച്ചിയിൽ നടക്കുമ്പോൾ കുറെ സ്പോൺസർമാരെ കിട്ടുമെന്നാണു പ്രതീക്ഷിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇതിനു കഴിഞ്ഞിട്ടില്ല. സന്മനസ്സുള്ളവരെല്ലാം കായികമേളയുടെ വിജയത്തിനായി സഹായിക്കണം. കേന്ദ്ര സർക്കാർ സാധാരണഗതിയിൽ കായികമേളയ്ക്കു ഫണ്ട് നൽകാറില്ല. ഒളിംപിക്സ് മാതൃകയിൽ ആദ്യമായി നടക്കുന്ന ഒരു സംസ്ഥാന സ്കൂൾ കായികമേളയെന്ന നിലയിൽ സഹായിക്കാമായിരുന്നു. ഒരു സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. താൻ ചോദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിനാലാണു ചില ഇനങ്ങൾ നേരത്തേ നടത്തേണ്ടി വന്നത്. ആ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നതിൽ വീഴ്ചയുണ്ടായി. മത്സരങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കുന്നതിലെ ആശയക്കുഴപ്പമാണ് ഇതിന് ഇടയാക്കിയതെന്നു മന്ത്രി പറഞ്ഞു.
കായിക മേളയിലേക്കു സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു വി. ശിവൻകുട്ടി
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായിക മേളയിലേക്കു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ‘ഇവിടെ വന്നു കുട്ടികളുടെ തന്തയ്ക്കു വിളിച്ചു പോയാൽ അത് അംഗീകരിക്കാൻ കഴിയില്ല. അങ്ങനെ വിളിക്കുമോ എന്നു ഭയമുണ്ട്. എന്തും എപ്പോഴും വിളിച്ചു പറയുന്ന ആളാണു സുരേഷ് ഗോപി. ഐക്യ കേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവ വികാസങ്ങൾ നടന്നിട്ടുണ്ട്. ഇങ്ങനെ ‘ഒറ്റത്തന്തയ്ക്കു’ വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ ആക്ഷേപിച്ച പരാമർശം പിൻവലിച്ചാൽ സുരേഷ് ഗോപിയെ കായിക മേളയിലേക്കു വിളിക്കാമെന്നും മന്ത്രി പറഞ്ഞു.
മഹാരാജാസ് ഗ്രൗണ്ടിൽ തിരക്കിട്ട പണി
കായികമേളയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ഉദ്ഘാടന ചടങ്ങ് ഉൾപ്പെടെ നടക്കുന്ന പ്രധാനവേദിയായ മഹാരാജാസ് കോളജിൽ തിരക്കിട്ടുള്ള പണികൾ നടക്കുന്നു. സിന്തറ്റിക് ട്രാക്കിന്റെ ഉൾവശത്തുള്ള അലുമിനിയം ട്രാക്ക് റെയിലുകൾ സ്ഥാപിക്കുന്ന ജോലി ഇന്നലെ മുതൽ ആരംഭിച്ചു. ഗ്രൗണ്ടിൽ 4 ജംപിങ് പിറ്റുകൾ ഉണ്ടെങ്കിലും ഒരെണ്ണം മാത്രമേ മേളയ്ക്കായി ഉപയോഗിക്കുകയുള്ളൂ. ത്രോ ഇനങ്ങൾ നടത്തുന്നതിനുള്ള സർക്കിളുകൾ ഇന്നലെ സിമന്റിട്ടു സജ്ജമാക്കി. സുരക്ഷ മുൻകരുതലിനായി ഇവിടെ സ്ഥാപിക്കേണ്ട സേഫ്റ്റി കേജുകളും തയാറാക്കി വരുന്നു.