റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ടും ഇരുട്ടും
Mail This Article
അങ്കമാലി ∙ അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത കൂരിരുട്ടിൽ. വെള്ളക്കെട്ടും രൂക്ഷം. അങ്കമാലിയിൽ നിന്നു വട്ടപ്പറമ്പ് ഭാഗങ്ങളിലേക്കുള്ള പൊതുമരാമത്ത് റോഡിലെ അടിപ്പാത ലഹരിമരുന്ന് സംഘം താവളമാക്കിയിരിക്കുകയാണ്. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നവർ സന്ധ്യയായാൽ അടിപ്പാത ഒഴിവാക്കുകയാണ്. റെയിൽവേ ഗേറ്റ് ഉണ്ടായിരുന്ന സമയത്ത് ഈ ഭാഗത്ത് വെളിച്ചം ഉണ്ടായിരുന്നു. . നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് അടിപ്പാത ഗതാഗതത്തിനു തുറന്നുനൽകിയത്.ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രിയാണ് അടിപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ചത്. മാസങ്ങൾക്കു ശേഷമാണ് പാത ഗതാഗതത്തിനായി അനുവദിച്ചത്.നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ സമരം നടത്തിയിരുന്നു. റോഡ്, സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കിയിട്ടില്ല.
റെയിലിൽ നിന്ന് ഒഴുകി വരുന്ന വെള്ളം അടിപ്പാതയിൽ നിറഞ്ഞ് വെള്ളക്കെട്ടുണ്ടാകുന്നു.വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ല.റോഡ് കോൺക്രീറ്റ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ടാറിങ് പോലും നടത്തിയില്ല. അങ്കമാലിയിൽ നിന്നു പോകുമ്പോൾ റെയിലിന്റെ തെക്കുവശത്തെ സംരക്ഷണഭിത്തി മാത്രമേ നിർമിച്ചിട്ടുള്ളു. വലതുവശത്തെ സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയാക്കിയിട്ടില്ല. ഒരു വശത്ത് സംരക്ഷണഭിത്തി നിർമിക്കാതെ നിർമാണം നിർത്താനുള്ള നീക്കം നാട്ടുകാരുടെ സമരത്തെ തുടർന്നാണു പിൻവലിച്ചത്. അടിപ്പാതയ്ക്കു സമീപത്തെ കൂരിരുട്ടും വെള്ളക്കെട്ടും നീക്കുന്നതിനു നടപടികൾ എടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.