കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ കേരളം വീണ്ടും പിറവി കൊണ്ടു
Mail This Article
കൊച്ചി∙ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ 68ാം ജന്മദിനം കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ കേരളത്തിന്റെ മാതൃക നിർമിച്ചുകൊണ്ടാണ് ആഘോഷിച്ചത്. കേരളത്തിന്റെ ഓരോ ജില്ലയെക്കുറിച്ചുള്ള അറിവ് മറ്റു കുട്ടികളിലേക്ക് പകർന്നു നൽകുന്നതിനോടൊപ്പം ജന്മദേശത്തോടുള്ള സ്നേഹം വർദ്ധിപ്പിക്കുക, നവംബർ ഒന്നിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിലെ 11 ,12 ക്ലാസുകളിലെ നല്ല പാഠം പ്രവർത്തകരാണ് ഈ ആഘോഷത്തിന് മുൻകൈ എടുത്തത്.
ഓരോ ജില്ലയുടെയും മാതൃക കുട്ടികൾ തന്നെ വരച്ച് നിറം കൊടുത്ത് അവയുടെ കലാസാംസ്കാരിക പ്രത്യേകതകൾ ,വിശിഷ്ട വ്യക്തികൾ ,ഭൂപ്രകൃതി, ഭക്ഷണരീതി ഇവ വിവരിച്ചു നൽകിയതിനു ശേഷം രൂപീകരണകാലഘട്ടം അനുസരിച്ച് ജില്ലയുടെ മാതൃകകൾ കൂട്ടിച്ചേർത്ത് കേരളത്തിൻറെ പൂർണരൂപം നിർമ്മിക്കുക എന്ന രസകരമായ രീതിയിലായിരുന്നു കുട്ടികൾ ആഘോഷത്തിന് നിറം കൊടുത്തത്. ഈ രീതിയിലുള്ള വിവരണം കുട്ടികൾക്ക് ജന്മ ദേശത്തെ കുറിച്ച് ആഴത്തിൽ അറിയുവാനുള്ള ഒരു അവസരം കൂടിയായിരുന്നു.' കേരളം എൻറെ അമ്മയാണ്, ഞാൻ തന്നെയാണ് കേരളം' എന്ന പ്രതിജ്ഞ കുട്ടികൾ എടുത്തു.