ഭീഷണിയായി ബസ് കാത്തിരിപ്പുകേന്ദ്രം
Mail This Article
ആലങ്ങാട് ∙ സ്കൂൾ കുട്ടികൾക്കും യാത്രക്കാർക്കും ഭീഷണിയായി കാരുചിറയിലെ ബസ് കാത്തിരിപ്പുകേന്ദ്രം. ആലുവയിൽ നിന്നു പറവൂരിലേക്കു പോകുന്ന ഭാഗത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രമാണ് ഏതു സമയത്തും നിലം പൊത്താറായ അവസ്ഥയിലായിരിക്കുന്നത്. ദിവസവും നൂറുകണക്കിനു യാത്രക്കാരാണു ഇത് ഉപയോഗിക്കുന്നത്.മഴയും വെയിലുമേൽക്കാതെ ബസ് കാത്തുനിൽക്കാൻ ദ്രവിച്ചു വീഴാറായ ഈ കെട്ടിടമല്ലാതെ വേറെ വഴിയില്ല. കാത്തിരിപ്പു കേന്ദ്രത്തിന്റെ തൂണുകൾ ദ്രവിച്ചു കോൺക്രീറ്റ് കമ്പികൾ പുറത്തുവന്ന നിലയിലാണ്.
കെട്ടിടത്തിന്റെ മുകളിലെ കോൺക്രീറ്റ് പാളികൾ പലപ്പോഴായി യാത്രക്കാരുടെ തലയിൽ അടർന്നു വീഴുന്നതും പതിവാണ്. ശക്തമായ കാറ്റോ, മഴയോ വന്നാൽ പൊളിഞ്ഞു വീഴാൻ പാകത്തിലാണു കെട്ടിടത്തിന്റെ നിൽപ്. സമീപത്തെ സ്കൂളുകളിൽ നിന്നും നൂറുകണക്കിനു വിദ്യാർഥികളാണു ദിവസേന ബസ് കയറാനായി ഇവിടെയെത്തുന്നത്. കൂടാതെ പ്രദേശവാസികളായ യാത്രക്കാർ വേറെയും. അധികൃതർ മുൻകൈയെടുത്തു കാത്തിരിപ്പുകേന്ദ്രം പുതുക്കി നിർമിക്കണമെന്നാണ് ആവശ്യം.