പണിതിട്ട് വർഷം പത്തായി; കോർട്ടിൽ കളി മാത്രമില്ല
Mail This Article
പറവൂർ ∙ നിർമിച്ചു 10 വർഷം കഴിഞ്ഞിട്ടും സിന്തറ്റിക് ഷട്ടിൽ ബാഡ്മിന്റൻ കോർട്ട് ഉപയോഗപ്രദമാക്കാൻ കഴിഞ്ഞില്ല. 8–ാം വാർഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിൽ നിർമിച്ച കോർട്ട് അനുദിനം നശിക്കുകയാണ്.നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നു ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച കോർട്ടിൽ നല്ലൊരു മത്സരം നടത്താൻ പോലുമായില്ല. നിർമിച്ച സമയത്തു കളിച്ചിരുന്ന നാട്ടുകാർ കളമൊഴിഞ്ഞതോടെ കോർട്ട് അനാഥമായി. കാടും പടലും പിടിച്ചു ചുറ്റുമുള്ള ഫെൻസിങ് നശിച്ചു. വിളക്കുകൾ ഇല്ലാതായി. ആരും തിരിഞ്ഞു നോക്കാത്ത ഇവിടം തെരുവുനായ്ക്കളുടെ വിശ്രമ കേന്ദ്രമാണ്.
കോർട്ട് വൃത്തിയാക്കി ലൈറ്റ്, നെറ്റ് എന്നിവയിട്ട് ചുറ്റും ഫെൻസിങ് സ്ഥാപിച്ചാൽ നല്ല ടൂർണമെന്റുകൾ സംഘടിപ്പിക്കാം. മിതമായ നിരക്കിൽ ആളുകൾക്കു കളിക്കാനുള്ള അവസരം നൽകി നഗരസഭയ്ക്കു വരുമാനം ഉണ്ടാക്കാം. കുട്ടികൾക്കായി പരിശീലന ക്യാംപ് നടത്താനും കഴിയും. അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗപ്രദമാക്കിയാൽ കളിക്കാൻ ആളുകൾ വന്നേക്കും. പക്ഷേ, ഇക്കാര്യത്തിൽ നഗരസഭ താൽപര്യം കാണിക്കുന്നില്ല. വലിയ പണച്ചെലവില്ലാതെ സംരക്ഷിക്കാൻ കഴിയുന്ന കോർട്ട് നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.