ശബരിമല സീസൺ: എംസി റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് എംഎൽഎ
Mail This Article
മൂവാറ്റുപുഴ∙ ശബരിമല തീർഥാടകരെ ദുരിതത്തിലാക്കുന്ന മൂവാറ്റുപുഴ നഗരത്തിലെ റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നു മാത്യു കുഴൽനാടൻ എംഎൽഎ. തീർഥാടനത്തിനു മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് എംഎൽഎ പൊതുമരാമത്ത് വകുപ്പിനും കേരള റോഡ് ഫണ്ട് ബോർഡിനും കത്തു നൽകി. ശബരിമല തീർഥാടകർ ഏറെ ആശ്രയിക്കുന്ന എംസി റോഡ് മൂവാറ്റുപുഴ നഗരത്തിൽ തകർന്നു കിടക്കുന്നു. മഴ പെയ്താൽ ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ പോലും വെള്ളം കയറുന്നു.
കുഴികൾ അടയ്ക്കുന്നതും ഓടകൾ വൃത്തിയാക്കുന്നതും ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളും ഉടൻ പൂർത്തിയാക്കണമെന്നും എംസി റോഡ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനും അനുയോജ്യമായ മറ്റ് റോഡുകളിലൂടെ വാഹനങ്ങൾ വഴി തിരിച്ച് വിട്ട് ഗതാഗതം സുഗമമാക്കുന്നതിനും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇതിനായി സ്ഥലത്തെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആലോചിച്ച് നടപടികൾ സ്വീകരിക്കണമെന്നാണു നിർദേശം.