രണ്ടിടത്തു പൈപ്പ് പൊട്ടി; ശുദ്ധജലം മുടങ്ങി കരുമാലൂർ, കോട്ടുവള്ളി
Mail This Article
ആലങ്ങാട് ∙ രണ്ടിടത്തു ശുദ്ധജലവിതരണ കുഴൽ പൊട്ടിയതോടെ കരുമാലൂർ, കോട്ടുവള്ളി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം മുടങ്ങി.ആലുവ– പറവൂർ പ്രധാന റോഡിൽ കരുമാലൂർ വില്ലേജ് ഓഫിസിനു മുന്നിലും കോട്ടുവള്ളി– പറവൂർ റോഡിൽ തോന്ന്യകാവിനു സമീപവുമാണ് ഇന്നലെ ശുദ്ധജലവിതരണ കുഴൽ പൊട്ടിയത്. മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്ന 250 എംഎം വ്യാസമുള്ള കുഴലാണു കരുമാലൂരിൽ പൊട്ടിയത്. കോട്ടുവള്ളി– പറവൂർ റോഡിൽ തോന്ന്യകാവ് ഭാഗത്ത് റോഡ് പകുതിയോളം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്.
അടിക്കടി പൈപ്പ് പൊട്ടലും റോഡ് കുത്തിപ്പൊളിച്ചു നടത്തുന്ന അറ്റകുറ്റപ്പണിയും മൂലം ജനങ്ങൾ ദുരിതത്തിലാണ്. പരാതിയുമായി ചെന്നാൽ കുഴലുകളുടെ കാലപ്പഴക്കമാണ് അടിക്കടി പൊട്ടാൻ കാരണമെന്നു പറഞ്ഞ് അധികൃതർ ഒഴിഞ്ഞു മാറുന്നതായാണ് ആക്ഷേപം. കരാറുകാരൻ സ്ഥലത്തെത്തി കുഴിച്ചു പൊട്ടൽ തീർത്തു മടങ്ങുന്നതിനു പിന്നാലെ വീണ്ടും പൊട്ടുന്ന അവസ്ഥയാണു കഴിഞ്ഞ കുറെ നാളുകളായി ഉള്ളതെന്നു നാട്ടുകാർ പറഞ്ഞു.ശുദ്ധജലത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോഴാണ് ഈ ദുരവസ്ഥ.