‘അകത്തേക്കു കയറണമെങ്കിൽ അഭ്യാസവും പഠിച്ചിരിക്കണം’; ശ്വാസം മുട്ടി മെമു പാസഞ്ചർ ട്രെയിൻ യാത്ര
Mail This Article
അരൂർ∙ രാവിലെ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള മെമു പാസഞ്ചർ ട്രെയിനിൽ ദുരിത യാത്ര തുടരുന്നു. ബോഗികളുടെ എണ്ണം കുറവായതിനാൽ കാലുകുത്താൻപോലും ഇടമില്ലാതെ ഞെങ്ങിഞെരുങ്ങിയാണ് യാത്ര. എങ്കിലും എങ്ങനെയും പോയേ പറ്റൂ എന്ന അവസ്ഥയിലാണ് യാത്രക്കാർ. അതിനാൽ ഓരോ സ്റ്റേഷനിൽ നിന്നും എറണാകുളത്ത് എത്തേണ്ട ജനങ്ങൾ ആലപ്പുഴ–എറണാകുളം മെമുവിലേക്ക് തള്ളിക്കയറുകയാണ്. ചേർത്തല മുതൽ തിങ്ങിനിറഞ്ഞാണ് യാത്ര. തുറവൂർ, എഴുപുന്ന, അരൂർ സ്റ്റേഷനുകളിൽ എത്തുമ്പോൾ യാത്രക്കാർക്ക് വാതിൽപ്പടിയിലൂടെ അകത്തേക്കു കയറണമെങ്കിൽ അഭ്യാസവും പഠിച്ചിരിക്കണം. ട്രെയിൻ എഴുപുന്ന സ്റ്റേഷൻ വിടുമ്പോൾ ഒട്ടേറെ യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങിക്കിടക്കുന്നത് പതിവു കാഴ്ചയാണ്.
മെമുവിന് കുറഞ്ഞത് 16 ബോഗികൾ അനുവദിച്ചാൽ മാത്രമേ നിലവിലെ യാത്രാദുരിതത്തിനു പരിഹാരമാകൂ.ഇക്കാര്യത്തിൽ റെയിൽവേ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് തീരദേശ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എറണാകുളത്തേക്ക് രാവിലെ ഒരു പാസഞ്ചർ ട്രെയിൻ കൂടി അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തുറവൂർ–അരൂർ ഉയരപ്പാത നിർമാണം നടക്കുന്നതുമൂലമുള്ള ഗതാഗതക്കുരുക്കാണ് ട്രെയിൻ യാത്രികരുടെ എണ്ണം വർധിച്ചത്. തിങ്ങി ഞെരുങ്ങി യാത്ര ചെയ്യുന്നതുമൂലം പലപ്പോഴും സ്ത്രീ യാത്രികർ ബോധ രഹിതരാകുന്നുണ്ട്. യാത്ര സുഗമമാക്കാൻ റെയിൽവേ അധികൃതർ പിടിവാശി ഉപേക്ഷിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ബോഗിയിൽ വായു സഞ്ചാരമില്ലാതെ വരുമ്പോഴാണ് യാത്രക്കാർ തളർന്നു വീഴുന്നത്.