രാത്രി ഡ്യൂട്ടിയിൽ ട്രാഫിക് ഡ്യൂട്ടി മാർഷൽമാർക്ക് അലംഭാവം
Mail This Article
അരൂർ∙ഉയരപ്പാത നിർമാണ സ്ഥലത്തെ ദേശീയപാതയിൽ പ്രധാന ജംക്‌ഷനുകളിൽ ട്രാഫിക് ഡ്യൂട്ടിക്ക് ഉയരപ്പാത നിർമാണ കമ്പനി നിയോഗിച്ചിട്ടുള്ള മാർഷൽമാർ രാത്രി ഡ്യൂട്ടി കൃത്യമായി ചെയ്യുന്നില്ലെന്നു പരാതി.ഇതുമൂലം പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. എരമല്ലൂർ കവലയിൽ കഴിഞ്ഞ ദിവസവും അപകടമുണ്ടായി.പ്രധാന ജംക്‌ഷനുകളായ തുറവൂർ, എരമല്ലൂർ, അരൂർ ക്ഷേത്രം കവല, അരൂർ ബൈപാസ് എന്നിവിടങ്ങളിലെ സിഗ്നൽ സംവിധാനം ഉയരപ്പാത നിർമാണത്തോടെ പൂർണമായി അഴിച്ചുമാറ്റി. സിഗ്നൽ ഇല്ലാത്ത ജംക്‌ഷനുകളിലാണ് മാർഷൽമാർ ഡ്യൂട്ടി നോക്കുന്നത്.
ചില ദിവസം പകൽ സമയങ്ങളിൽ അരൂർ ക്ഷേത്രം കവലയിൽ ഒരു സിവിൽ പൊലീസ് ഓഫിസറും ഡ്യൂട്ടിയിലുണ്ടാകും. ബൈപാസ് ജംക്‌ഷൻ, എരമല്ലൂർ ജംക്‌ഷൻ എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറെയുണ്ടാകുന്നത്.രാത്രി 11 കഴിഞ്ഞാൽ പല ദിവസങ്ങളിലും ട്രാഫിക് ഡ്യൂട്ടിയിലുള്ള മാർഷൽമാരെ ഡ്യൂട്ടി സ്ഥലത്തു കാണാറില്ല.ഏതെങ്കിലും കടത്തിണ്ണയിൽ ഉറങ്ങുകയാണ് പതിവ്.ട്രാഫിക് ഡ്യൂട്ടി കൃത്യമായി നടത്താൻ ഉയരപ്പാത നിർമാണക്കമ്പനിയും ശുഷ്കാന്തി കാട്ടുന്നില്ല.