വാടകക്കുടിശിക 4 കോടി; കാക്കനാട്ടെ മുനിസിപ്പൽ കടമുറികൾക്ക് പൂട്ടിടും
Mail This Article
കാക്കനാട്∙ തൃക്കാക്കരയിലെ മുനിസിപ്പൽ വാണിജ്യ സമുച്ചയങ്ങളിൽ ഭീമമായ വാടകക്കുടിശികയുള്ള കടമുറികൾ അടച്ചു പൂട്ടി കസ്റ്റഡിയിലെടുക്കാൻ നഗരസഭയുടെ തീരുമാനം.കലക്ടറേറ്റ് ജംക‍്ഷൻ, എൻജിഒ ക്വാർട്ടേഴ്സ് ജംക‍്ഷൻ, കാക്കനാട് മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിലെ 25 കടമുറികൾ രണ്ടാഴ്ചക്കകം നഗരസഭ ഉദ്യോഗസ്ഥരെത്തി അടച്ചു പൂട്ടും. ഇവയിൽ പലതും നല്ല നിലയിൽ കച്ചവടം നടക്കുന്ന സ്ഥാപനങ്ങളാണ്. പലതവണ നോട്ടിസ് നൽകിയിട്ടും ഉടമകൾ വാടകക്കുടിശിക അടച്ചില്ല. ജപ്തി നോട്ടിസിനോടും ഉടമകൾ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് മുനിസിപ്പൽ നിയമപ്രകാരം കടകൾ നഗരസഭ അടച്ചു പൂട്ടുന്നത്. ഇതിനായി 2 റവന്യു ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി. നഗരസഭാ കൗൺസിലർമാരുടെ കുടുംബാംഗങ്ങളുടെ പേരിൽ എടുത്തിട്ടുള്ള കടമുറികളും വാടകക്കുടിശികയുടെ പേരിൽ അടച്ചു പൂട്ടാനുള്ള പട്ടികയിലുണ്ട്.
നഗരസഭ വാണിജ്യ സമുച്ചയത്തിലെ ഭൂരിഭാഗം വ്യാപാരികൾക്കും മെച്ചപ്പെട്ട കച്ചവടം ലഭിക്കുന്നുണ്ടെങ്കിലും പലരും വാടകയായി ഒരു രൂപ പോലും നൽകുന്നില്ലെന്നാണ് കണ്ടെത്തൽ. തൃക്കാക്കര നഗരസഭയുടെ എല്ലാ വാണിജ്യ സമുച്ചയങ്ങളിലെയും കൂടി വാടകക്കുടിശിക ഏകദേശം 4 കോടി രൂപ വരുമെന്നാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്. 98 ലക്ഷം രൂപ വരെ വാടകക്കുടിശികയുള്ള വ്യാപാരികളുണ്ട്. നികുതി ഇനത്തിലും മറ്റുമായി നഗരസഭയ്ക്ക് കോടികൾ വരുമാനമുള്ളതിനാൽ വാണിജ്യ സമുച്ചയങ്ങളിലെ വാടക പിരിക്കൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.
കുടിശിക കൂടുതൽ വാണിജ്യ സമുച്ചയത്തിൽ
തൃക്കാക്കര നഗരസഭയ്ക്ക് ഏറ്റവും കൂടുതൽ വാടക പിരിഞ്ഞു കിട്ടാനുള്ളത് കാക്കനാട് കലക്ടറേറ്റ് ജംക‍്ഷനിലെ കടമുറികളിൽ നിന്നാണ്. എൻജിഒ ക്വാർട്ടേഴ്സ് ജംക‍്ഷൻ, ബസ് സ്റ്റാൻഡ്, കമ്യൂണിറ്റി ഹാൾ, സഹകരണ ആശുപത്രി, പരിസരങ്ങളിലെ മുറികളും കുടിശികക്കാരുടെ പട്ടികയിലുണ്ട്. നഗരസഭയിൽ നിന്ന് മുറി വാടകയ്ക്കെടുത്ത ചിലർ പതിൻമടങ്ങ് കൂടിയ വാടകയ്ക്ക് മറിച്ചു നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. മുറിയെടുത്തവരിൽ പലരും വാടക കരാർ പുതുക്കിയിട്ടില്ല. മുറികളുടെ മുൻപിലും പിന്നിലും അനധികൃത കയ്യേറ്റത്തിലൂടെ വിസ്തൃതി കൂട്ടിയിട്ടുമുണ്ട്. ഇത് കണ്ടെത്തി ഒഴിപ്പിക്കാൻ നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.