കാഞ്ഞൂർ–തുറവുങ്കര റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്; യാത്രക്കാർ വലയുന്നു
Mail This Article
കാഞ്ഞൂർ∙ കാഞ്ഞൂർ–തുറവുങ്കര റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് മൂലം യാത്രക്കാർ വലയുന്നു. പുളിയാമ്പിള്ളി ക്ഷേത്രം മുതൽ തുറവുങ്കര വായനശാല ജംക്‌ഷൻ വരെയാണ് വെള്ളക്കെട്ട്. ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളം നിറയും.കാനയിലൂടെ വെള്ളം ഒഴുകി പോകുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. സ്‌ലോപ്പ് ഇല്ലാതെ അശാസ്ത്രീയമായാണ് കാന നിർമാണമെന്നാണ് ആരോപണം. ചെങ്ങൽ തോട്ടിലേക്കാണ് വെള്ളം എത്തിച്ചേരേണ്ടത്. എന്നാൽ അതിനുള്ള മാർഗം പൂർണമല്ല.ജലജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പിട്ട റോഡിന്റെ ഭാഗം മണ്ണിട്ടു മൂടിയതല്ലാതെ ടാറിങ് നടത്തിയിട്ടില്ല. അതിനാൽ മഴ പെയ്താൽ ഇവിടെ ചെളിക്കെട്ടാണ്. വാഹനങ്ങൾ പോകുമ്പോൾ ചെളിയും വെള്ളവും തെറിക്കും. വാഹനങ്ങൾ റോഡരികിലേക്ക് ഒതുക്കിയാൽ ചെളിയിൽ താഴുകയും ചെയ്യും.റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടതും കാന നിർമിക്കേണ്ടതും പിഡബ്ല്യുഡി ആണ്.
നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എംസി റോഡിൽ നിന്നുള്ള എളുപ്പ വഴികളിൽ ഒന്നാണിത്.പാറപ്പുറം–വല്ലംകടവ് പാലം ഒരു വർഷം മുൻപ് പ്രാവർത്തികമായതോടെ എംസി റോഡിൽ വല്ലത്തു നിന്ന് ധാരാളം യാത്രക്കാർ ഇതുവഴി വിമാനത്താവളത്തിലേക്ക് പോകുന്നു. ഇതുവഴി കാലടിയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനും ദൂരവും സമയവും ലാഭിക്കാനും സാധിക്കും.എന്നാൽ റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നു.കാഞ്ഞൂർ മുതൽ ചെത്തിക്കോട് വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തിൽ പുന:നിർമിക്കാനും റോഡരികിൽ കാന നിർമിക്കാനുമുള്ള പദ്ധതി ഉടനെ പ്രാവർത്തികമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു പറഞ്ഞു.