തോട്ടുമുഖത്ത് വ്യാപാരസ്ഥാപനത്തിൽ തീപിടിത്തം; ഉപകരണങ്ങൾ കത്തിനശിച്ചു
Mail This Article
ആലുവ∙ തോട്ടുമുഖം ഐ–ബെൽ പവർ ടൂൾസിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ വിൽപനയ്ക്കായി പാക്ക് ചെയ്തു വച്ചിരുന്ന എസി യൂണിറ്റുകൾ, കംപ്രസറുകൾ, ഡ്രില്ലിങ് മെഷീനുകൾ, വെൽഡിങ് സെറ്റുകൾ, സർവീസിന് എത്തിച്ച ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ കത്തിനശിച്ചു. കെട്ടിടത്തിനു കേടുപാടുകൾ സംഭവിച്ചു. ഭിത്തിയിൽ വിള്ളൽ വീണു. വൈകിട്ട് 3.25നായിരുന്നു തീപിടിത്തം.
അഗ്നിരക്ഷാസേന 3 മിനിറ്റിനുള്ളിൽ സ്ഥലത്ത് എത്തിയെങ്കിലും കെട്ടിടത്തിന്റെ മുൻഭാഗം ചില്ലു പൊതിഞ്ഞതും മറ്റു വശങ്ങൾ കോൺക്രീറ്റുമായതിനാൽ അകത്തേക്കു വെള്ളം പമ്പ് ചെയ്യാൻ താമസം നേരിട്ടു. രക്ഷാപ്രവർത്തനത്തിനായി ചില്ലുകൾ പൊട്ടിക്കേണ്ടതായി വന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 22 ഫയർ യൂണിറ്റുകൾ 2 മണിക്കൂർ അത്യധ്വാനം ചെയ്താണു തീ കെടുത്തിയത്. ഇതിനൊപ്പം തൊട്ടടുത്ത വീടുകളിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമവും നടത്തി.
5.30നു തീ പൂർണമായും കെടുത്തി. ആലുവ–പെരുമ്പാവൂർ റൂട്ടിലുള്ള 3 നില കെട്ടിടത്തിന്റെ ഏറ്റവും മുകൾ ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഗ്രൗണ്ട് ഫ്ലോറിലെ ഷോറൂമിൽ ഞായറാഴ്ചയായതിനാൽ ഒരു ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുകളിൽ നിന്നു പുക ഉയരുന്നതു കണ്ട് അദ്ദേഹം സ്ഥാപന ഉടമകളെ അറിയിക്കുകയായിരുന്നു. സൗരോർജ വൈദ്യുതിയാണ് കെട്ടിടത്തിൽ ഉപയോഗിക്കുന്നത്.
ശനിയാഴ്ച മെയിൻ സ്വിച്ച് അടക്കം ഓഫ് ചെയ്താണ് ജീവനക്കാർ മടങ്ങിയത്. ആലുവ–പെരുമ്പാവൂർ റൂട്ടിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. പമ്പ് കവലയിലും കുട്ടമശേരിയിലും വാഹനങ്ങൾ തടഞ്ഞു തിരിച്ചുവിട്ടു. അഗ്നിരക്ഷാസേനയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും ഇന്നു (തിങ്കൾ) കെട്ടിടം പരിശോധിക്കും.