പറവൂരിൽ ഭീതിയായ് തെരുവുനായ്ക്കൂട്ടം
Mail This Article
പറവൂർ ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പാലസ് റോഡ് കൈതവളപ്പിൽ കെ.കെ.മുരളീധരന് (60) പരുക്ക്. ശനി രാത്രി 9.30ന് കണ്ണൻകുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് സംഭവം. മുരളീധരന്റെ 2 കൈപ്പത്തികളിലും കടിയേറ്റു. ബിൽഡിങ് കോൺട്രാക്ടറായ മുരളീധരൻ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ പത്തോളം നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു.
നായ്ക്കളെ കണ്ട് മുരളീധരൻ സ്കൂട്ടറിന്റെ വേഗം കുറച്ചു. സ്കൂട്ടർ അടുത്തെത്തിയപ്പോൾ ഒരു നായ കുരച്ചു ദേഹത്തേക്ക് ചാടി. മുഖത്ത് കടിയേൽക്കാതിരിക്കാൻ വലതു കൈ കൊണ്ട് തടഞ്ഞപ്പോൾ കൈപ്പത്തിയിൽ കടിച്ചു. പിടി വിടാതെ നായ കുറച്ചു നേരം കടിച്ചു തൂങ്ങി. ഇടതു വശത്തുകൂടി മറ്റൊരു നായയും ദേഹത്തേക്ക് ചാടി. ഇടതു കൈപ്പത്തിയിലാണ് അതിന്റെ കടിയേറ്റത്. സ്കൂട്ടറിൽ നിന്നു മുരളീധരൻ മറിഞ്ഞു വീണതോടെ നായ്ക്കൾ പിടിവിട്ടു.
എന്നാൽ, താഴെ വീണു കിടന്ന മുരളീധരനെ ആക്രമിക്കാനായി നായ്ക്കൾ വീണ്ടും എത്തിയെങ്കിലും അതു വഴി വന്ന വഴിയാത്രക്കാരെ കണ്ട് ഓടിപ്പോയി. വലതു കൈപ്പത്തിയുടെ അകത്തും പുറത്തും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഞരമ്പിനും ക്ഷതമേറ്റു. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എറണാകുളം മെഡിക്കൽ കോളജിലെത്തി കുത്തിവയ്പ് എടുത്തു.
നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം അനുദിനം വർധിക്കുകയാണ്. ഒഴിഞ്ഞ പറമ്പുകളും ഇടവഴികളും കച്ചേരി മൈതാനവുമെല്ലാം നായ്ക്കളുടെ ആവാസകേന്ദ്രങ്ങളാണ്. ഈ വിഷയത്തിൽ തദ്ദേശസ്ഥാപന അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കാട്ടുന്ന അലംഭാവമാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്.
തെരുവുനായ് വിഷയത്തിൽ ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്റെ ഉത്തരവ് നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകൻ പുത്തൻവേലിക്കര മാളവന സ്വദേശി നിഷാദ് ശോഭനൻ നൽകിയ പരാതിയിൽ ജില്ലാ ഭരണാധികാരിയോട് മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടിയിരുന്നു. വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ പരിശീലനം ലഭിച്ച കുടുംബശ്രീയെ ചുമതലപ്പെടുത്തിയെങ്കിലും അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ഇല്ലാത്തതിനാൽ ഹൈക്കോടതി എബിസി പദ്ധതിയിൽ നിന്ന് കുടുംബശ്രീയെ വിലക്കിയെന്നും അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം കിട്ടാൻ അപേക്ഷ നൽകി പരിശോധന നടത്തിയെങ്കിലും സൗകര്യങ്ങൾ കുറവായതിനാൽ അനുമതി ലഭിച്ചില്ലെന്നുമാണ് മറുപടി നൽകിയത്. ചില തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് നടത്തിയിരുന്ന വന്ധ്യംകരണ, ഷെൽട്ടർ തുടങ്ങിയ പദ്ധതികളെല്ലാം നിലച്ചിരിക്കുകയാണ്.