മുനമ്പം സമരത്തിനു പിന്തുണയുമായി കൂടുതൽ സംഘടനകളും നേതാക്കളും
Mail This Article
വൈപ്പിൻ∙ മതസൗഹാർദ അന്തരീക്ഷത്തിനു കോട്ടം വരുത്താതെ മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നിർദേശങ്ങളുമായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സമുദായ സംഘടനകളും സമരപ്പന്തൽ സന്ദർശിച്ചു ഐക്യദാർഢ്യം അറിയിച്ചു.
പത്തു സെക്കൻഡിൽ പ്രശ്നം തീർക്കാം: ഷിബു
പത്തു സെക്കൻഡിൽ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിനു കഴിയുമെന്നു ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ചൂണ്ടിക്കാട്ടി. ഈ വിഷയത്തെ സമുദായങ്ങൾ തമ്മിലുള്ള തർക്കമാക്കി വളർത്താൻ അനുവദിച്ചാൽ അത് സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ബാധിക്കുമെന്നും ഭൂസംരക്ഷണ സമിതിയുടെ സമരപ്പന്തലിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മന്ത്രിയെ പുറത്താക്കണം: എ.പി. അബ്ദുല്ലക്കുട്ടി
ജനിച്ച മണ്ണിന്റെ അവകാശത്തിനു വേണ്ടി മുനമ്പത്തു സാധാരണക്കാർ നടത്തുന്ന സമരത്തിന് നേതൃത്വം നൽകുന്ന പുരോഹിതരെ വർഗീയവാദികളായി ചിത്രീകരിച്ച മന്ത്രി അബ്ദുറഹിമാനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു. മുനമ്പത്തേതു വഖഫ് ഭൂമിയാണെന്നു വാദിക്കുന്നത് ഈ മന്ത്രി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആർച്ച് ബിഷപ് കത്തു നൽകി
കൊച്ചി ∙ മുനമ്പം കടപ്പുറം നിവാസികളുടെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിക്കാൻ വേഗത്തിൽ നടപടികൾ വേണമെന്നു വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ് ബോർഡിന്റെ അവകാശവാദം ഉപേക്ഷിക്കുകയും താമസക്കാർക്ക് റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകുകയും വേണം. പ്രശ്നത്തിൽ ശാശ്വത പരിഹാരമാണു വേണ്ടത്. അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും കെഎൽസിഎ സംസ്ഥാന പ്രസിഡന്റുമായ ഷെറി ജെ. തോമസ്, പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി എന്നിവരാണു കത്ത് കൈമാറിയത്.
നിയമ നിർമാണം വേണം: കെ.പി. ശശികല
കൊച്ചി∙ മുനമ്പം നിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കാൻ ഉറപ്പുകളല്ല നിയമനിർമാണമാണു വേണ്ടതെന്നു ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. ഹിന്ദു ഐക്യവേദി ചെറായിയിൽ സംഘടിപ്പിച്ച മുനമ്പം ഭൂസംരക്ഷണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു. ഒപ്പം ഉണ്ടാകുമെന്നു താൽക്കാലിക ആശ്വാസവാക്കുകൾ പറയുന്നവർ പരിഹാരം വ്യക്തമാക്കുന്നില്ലെന്നും ആരെയും ഇറക്കിവിടില്ലെന്ന വാക്കുകൾ വിശ്വസിച്ച് അനിശ്ചിതാവസ്ഥയിൽ തുടരുകയാണു മുനമ്പം നിവാസികൾ.
സർക്കാർ സത്വര നടപടി എടുക്കണം: ബിഎംഎസ്
കൊച്ചി∙ മുനമ്പത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അവരുടെ ഭൂമിയിലുള്ള അവകാശം തിരികെ ലഭിക്കാൻ സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നു ബിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊച്ചിയിൽ നടന്ന ബിഎംഎസ് സംസ്ഥാന സമിതി മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. മുനമ്പം വിഷയത്തിൽ ഐക്യദാർഢ്യ സമരം സംഘടിപ്പിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത്ത് അറിയിച്ചു.