പെരിയാറിൽ നിന്ന് വൻ മണൽക്കടത്ത്; തെക്കൻ ജില്ലകളിലേക്ക് ലോഡ് കണക്കിനു മണൽ കയറ്റിപ്പോകുന്നു
Mail This Article
ആലങ്ങാട് ∙ പെരിയാറിന്റെ തീരങ്ങളിൽനിന്ന് മണൽമാഫിയ വൻതോതിൽ മണൽ കടത്തുന്നതായി വ്യാപക പരാതി. ആലുവ മംഗലപ്പുഴ മുതൽ കരുമാലൂരിലെ മാഞ്ഞാലി പുഴ വരെയുള്ള പ്രദേശത്തെ പെരിയാറിന്റെ ഇരുകരകളിലുമായി 20ൽ പരം കടവുകളുണ്ട്. ഈ കടവുകൾ കേന്ദ്രീകരിച്ചാണ് മണൽ വാരിക്കൂട്ടുന്നത്. വിവരം റവന്യു– പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണു പരക്കെ ആക്ഷേപം. തെക്കൻ ജില്ലകളിലേക്കാണു വാരിക്കൂട്ടുന്ന ലോഡ് കണക്കിനു മണൽ കയറ്റി പോകുന്നതെന്നു പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
പ്രളയത്തിനു ശേഷം പെരിയാറിലെ ജലനിരപ്പു താഴുകയും വൻതോതിൽ മണലും പൂഴിയും പെരിയാറിന്റെ തീരങ്ങളിൽ അടിയുകയും ചെയ്തിട്ടുണ്ട്. ഇതാണു മണൽവാരൽ സംഘങ്ങൾ വ്യാപകമാകാൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു. രാത്രി 12 മുതൽ പുലർച്ചെ 4 വരെയുള്ള സമയത്താണു മണൽക്കടത്ത് നടക്കുന്നത്. പെരിയാറിന്റെ തീരങ്ങളിൽ പൊലീസ് പട്രോളിങ് സംവിധാനങ്ങൾ ഇല്ലാത്തതു മണലൂറ്റ് സംഘങ്ങൾക്കു സഹായകമാകുന്നു. രാത്രി പെരിയാറിന്റെ തീരങ്ങളിൽ ലോറികൾ വന്നു പോകുന്നതായി നാട്ടുകാരും പറയുന്നു.
അനധികൃത മണലൂറ്റ് മത്സ്യ തൊഴിലാളികളുടെ ജീവനും ഭീഷണിയാവുകയാണ്. പലരുടെയും ഒത്താശയോടെയാണു വൻതോതിൽ മണലൂറ്റ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. പെരിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളൊന്നും ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. വ്യാപക പരാതി ഉയർന്നതോടെ കഴിഞ്ഞ ദിവസം സമീപ പ്രദേശമായ ഉളിയന്നൂർ, ചന്തക്കടവ്, കുഞ്ഞുണ്ണിക്കര തുടങ്ങിയ മൂന്നു കടവുകളിൽ പൊലീസ് പരിശോധന നടത്തിരണ്ട് ലോഡ് മണൽ പിടികൂടിയിരുന്നു. ആലുവ, ആലങ്ങാട് പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശോധന കർശനമാക്കണമെന്നാണ് ആവശ്യം.