കലാമണ്ഡലത്തിന്റെ വരവും കാത്ത് ഫോക്‌ലോർ തിയറ്റർ സമുച്ചയം
Mail This Article
ഫോർട്ട്കൊച്ചി∙ കലാമണ്ഡലം രാജ്യാന്തര സാംസ്കാരിക കലാ പ്രദർശന കേന്ദ്രം ഫോർട്ട്കൊച്ചിയിലെ ഫോക്‌ലോർ തിയറ്റർ സമുച്ചയത്തിൽ വന്നേക്കും. ടൂറിസം വകുപ്പിന്റെ കീഴിലുള്ള കലക്ടർ ചെയർമാനായ ഫോർട്ട്കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി മുൻപാകെ ഇതിനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണ് കലാ മണ്ഡലം അധികൃതർ. കോവിഡ് കാലഘട്ടത്തിന് ശേഷം അടഞ്ഞു കിടന്നിരുന്ന ഫോക്‌ലോർ തിയറ്റർ ഇപ്പോൾ നവീകരിച്ച് കൊണ്ടിരിക്കുകയാണ്. കൊച്ചി കപ്പൽശാല ഡിടിപിസിക്ക് നൽകിയ ഫണ്ട് ഉപയോഗിച്ചുള്ള നവീകരണ ജോലികൾ അവസാന ഘട്ടത്തിലാണ്.
മുൻപ് സ്വകാര്യ സ്ഥാപനങ്ങൾ തിയറ്റർ വാടകയ്ക്ക് എടുത്ത് പൈതൃക കലാ രൂപങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിലും കലാ മണ്ഡലത്തിന്റെ വരവ് വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സഹായകരമാകുമെന്ന് കരുതപ്പെടുന്നു. കലാമണ്ഡലത്തിന് അനുമതി ലഭിച്ചാൽ അടുത്ത അധ്യയന വർഷം മുതൽ പഠന കേന്ദ്രത്തിൽ പ്രവേശനവും കലാ അവതരണവും ഉണ്ടാകുമെന്ന് കരുതുന്നു.
ഏതാനും സ്വകാര്യ സ്ഥാപനങ്ങളും ഫോക്‌ലോർ തിയറ്ററിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കലാമണ്ഡലത്തിന് ശാഖ തുടങ്ങാൻ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. കഥകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാ രൂപങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സൗകര്യം മാത്രമാണ് മുൻപ് തിയറ്ററിൽ ഉണ്ടായിരുന്നതെങ്കിലും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് സാധന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള ക്ലോക്ക് റൂം കൂടി നവീകരണത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.