ADVERTISEMENT

പറവൂർ ∙ ഉദ്ഘാടനം ചെയ്ത് നാലര വർഷം കഴിഞ്ഞിട്ടും വഴിയോരക്കച്ചവട കേന്ദ്രം ‘മുസിരിസ് ബസാർ’ ഉപയോഗപ്രദമാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല. ഇ–ടോയ്‌ലറ്റ്, ഗ്യാസ് ക്രിമറ്റോറിയം എന്നിവ ഉപയോഗ ശൂന്യമാക്കിയതു പോലെ ഇതും അതേ അവസ്ഥയിൽ എത്തുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഇത്തരം കാര്യങ്ങൾക്കായി ലക്ഷങ്ങളാണ് പാഴാക്കിയത്. സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിൽ നിർമിച്ച മുസിരിസ് ബസാർ കേരളത്തിലെ ആദ്യത്തെ വഴിയോരക്കച്ചവട കേന്ദ്രം എന്ന നിലയിൽ കൊട്ടിഘോഷിച്ച് 2020 ഫെബ്രുവരി 15നാണ് ഉദ്ഘാടനം ചെയ്തത്. ഫാൻ, ലൈറ്റ് എന്നിവ സ്ഥാപിച്ചു 3 നിരകളിലായി 24 പേർക്കു കച്ചവടം നടത്താൻ സൗകര്യമൊരുക്കി. കച്ചവടക്കാർ വ്യാപാരം തുടങ്ങിയെങ്കിലും ജനങ്ങൾ എത്തുന്നില്ലെന്ന കാരണത്താൽ ഓരോരുത്തരായി കളമൊഴിഞ്ഞു. ദിവസേന 200 രൂപയുടെ ഇടപാടു പോലും നടക്കുന്നില്ലെന്നു പരാതിപ്പെട്ടാണു പലരും വ്യാപാരം  കെട്ടിപ്പൂട്ടിയത്. 

നഗരത്തി‍ൽ എത്തുന്നവർക്കു സാധനങ്ങൾ വാങ്ങാൻ മാത്രം സ്വകാര്യ ബസ് സ്റ്റാൻഡിനു പിന്നിലെ ബസാറിലേക്കു പോകേണ്ട കാര്യമില്ലെന്ന വസ്തുത പരിഗണിക്കാതെ ബസാർ നിർമിച്ചതാണ് പ്രശ്നമായത്. കച്ചവടക്കാർക്ക് കച്ചവടം കിട്ടാനുള്ള യാതൊരു സംവിധാനങ്ങളും നഗരസഭ ഒരുക്കിയതുമില്ല. മുസിരിസ് ബസാർ ഉള്ളിൽ വരുന്ന തരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡ് വിപുലീകരിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപ്പാക്കാനായില്ല. കച്ചവടം നടത്താൻ കൊണ്ടുവന്ന തട്ടുകൾ പൊടിപിടിച്ചും തുരുമ്പു കയറിയും നശിക്കുകയാണ്. ചില നേരത്തു തെരുവുനായ്ക്കളുടെ വിശ്രമ കേന്ദ്രമാണ് ഈ വ്യാപാര കേന്ദ്രം. മറ്റു രണ്ടു സ്ഥലങ്ങളിൽ കൂടി വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി മുടങ്ങുകയും ചെയ്തു. 

സ്വകാര്യ ബസ് സ്റ്റാൻഡിന് പിൻവശം, കച്ചേരിപ്പടി, പെരുമ്പടന്ന എന്നിവിടങ്ങളിലായി വഴിയോരക്കച്ചവട കേന്ദ്രം നിർമിക്കാൻ ദേശീയ നഗര ഉപജീവന മിഷൻ (എൻയുഎൽഎം) പദ്ധതിയിൽ 36.57 ലക്ഷം രൂപയാണ് അനുവദിച്ചത്. അതിൽ 14.63 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ രേഖ മാത്രമേ നഗരസഭയിൽ കാണുന്നുള്ളൂ. എന്നാൽ, 30 ലക്ഷം രൂപയോളം ചെലവാക്കിയെന്നാണ് അധികൃതർ തന്നെ മുൻപു പറഞ്ഞിരുന്നത്.  മുസിരിസ് ബസാർ പ്രവർത്തന സജ്ജമാക്കിയില്ലെങ്കിൽ നിർമാണത്തിനായി അനുവദിച്ച തുക തിരികെ അടയ്ക്കണമെന്നു ചൂണ്ടിക്കാട്ടി കുടുംബശ്രീ ഡയറക്ടർ പലതവണ നഗരസഭയ്ക്ക് കത്തയച്ചെങ്കിലും നഗരസഭ പണം തിരിച്ചടച്ചിട്ടില്ല. ലക്ഷങ്ങൾ മുടക്കിയിട്ടും നഗരത്തിന്റെ വഴിയോരങ്ങളിൽ ഇപ്പോഴും വഴിയോരക്കച്ചവടം തുടരുകയാണ്. ബസാർ സംബന്ധിച്ച കണക്കുകളിലെ പൊരുത്തക്കേടുകൾ അന്വേഷിക്കണമെന്നും മുസിരിസ് ബസാർ പ്രവർത്തനസജ്ജമാക്കണമെന്നും സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരൻ ആവശ്യപ്പെട്ടു.

English Summary:

Inaugurated in 2020 with much fanfare, Muziris Bazaar, Kerala's first roadside vending centre, stands abandoned and unused, raising concerns about government waste and the fate of public projects.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com