റെന്റ് എ കാറിന് ദുരൂഹ ആപ്; ഓടുന്നത് അഞ്ഞൂറോളം കാറുകൾ, ഒരു ഓഫീസ് പോലും ഇല്ല
Mail This Article
കാക്കനാട്∙ അനധികൃത ഓൺലൈൻ ആപ് വഴി അഞ്ഞൂറോളം കാറുകൾ എറണാകുളം ജില്ലയിൽ ‘റെന്റ് എ കാർ’ വ്യവസ്ഥയിൽ ദുരൂഹ സാഹചര്യത്തിൽ വാടകയ്ക്കു നൽകുന്നതായി മോട്ടർ വാഹന വകുപ്പ് കണ്ടെത്തി. ഇവ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ അന്വേഷണം സൈബർ ക്രൈം പൊലീസിനു കൈമാറണമെന്ന റിപ്പോർട്ട് അന്വേഷണ സംഘം മോട്ടർ വാഹന വകുപ്പിനു കൈമാറി. ലഹരി മരുന്ന് ഇടപാടുകൾക്കുൾപ്പെടെ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചതു നേരത്തെ പിടികൂടിയതിനെ തുടർന്നാണ് ആപ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
നെടുമ്പാശേരി കേന്ദ്രീകരിച്ച് ഇരുന്നൂറോളം സ്വകാര്യ വാഹനങ്ങളും കൊച്ചി നഗരത്തിൽ ഇതിൽ കൂടുതൽ സ്വകാര്യ കാറുകളും അനധികൃത ഓൺലൈൻ ആപ്ലിക്കേഷൻ കേന്ദ്രീകരിച്ചു വാടകയ്ക്കു നൽകുന്നുണ്ടെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. സംസ്ഥാനത്ത് ഒരു ഓഫിസ് പോലും ഇല്ലാതെയാണ് ഓൺലൈൻ ആപ് വഴി ഇത്രയും സ്വകാര്യ വാഹനങ്ങൾ റെന്റ് എ കാർ വ്യവസ്ഥയിൽ നൽകുന്നത്. ആപ് നിരോധിക്കാൻ അടിയന്തര നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ.അസിം ഈ ആപ് കണ്ടെത്തി കാർ വാടകയ്ക്കു കിട്ടാനായി റജിസ്റ്റർ ചെയ്തായിരുന്നു അന്വേഷണം. 4 മണിക്കൂർ സമയത്തേക്ക് ആപ്പിൽ കണ്ട 819 രൂപ അടയ്ക്കുകയും ചെയ്തു. മാറമ്പിള്ളിയിലെ പാർക്കിങ് കേന്ദ്രത്തിൽ കാർ എടുക്കാൻ ചെന്നപ്പോൾ ആപ്പിൽ കണ്ട കാറല്ല അവിടെയുണ്ടായിരുന്നത്. വിശദമായി പരിശോധിച്ചപ്പോൾ ഉടമകൾ അറിയാതെ അവരുടെ കാറുകളും വാടകയ്ക്കു ലഭിക്കുമെന്നു പറഞ്ഞു ആപ്പിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തി. ആവശ്യക്കാരെത്തുമ്പോൾ കാർ മാറ്റി നൽകുന്നതാണ് പതിവ്.
പാർക്കിങ് ഗ്രൗണ്ടിൽ കണ്ടെത്തിയ കാർ കസ്റ്റഡിയിലെടുത്തു. സ്വകാര്യ കാർ അനധികൃതമായി റെന്റ് എ കാർ വ്യവസ്ഥയിൽ വാടകയ്ക്കു നൽകിയെന്ന കുറ്റമാണ് ഇപ്പോൾ ചുമത്തിയിട്ടുള്ളതെങ്കിലും ആപ്പിനെ കുറിച്ചും ഇതിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കാറുകളെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നാണ് അന്വേഷണ സംഘം ആർടിഒ ടി.എം.ജേഴ്സനു നൽകിയിട്ടുള്ള റിപ്പോർട്ടിലെ ശുപാർശ. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എസ്.സനീഷ്, പി.ശ്രീജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ കാറിന്റെ ഉടമയിൽ നിന്ന് 17,000 രൂപ പിഴ ഈടാക്കി.