അറ്റ്ലാന്റിസ് റെയിൽവേ മേൽപാലം: സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തിലേക്ക്
Mail This Article
കൊച്ചി ∙ നഗരത്തിനു നടുവിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകേണ്ട അറ്റ്ലാന്റിസ് റെയിൽവേ മേൽപാലം (ആർഒബി) നിർമാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിലേക്ക്. അറ്റ്ലാന്റിസ് ആർഒബി സംബന്ധിച്ചു തീരുമാനമെടുക്കാൻ ടി.ജെ.വിനോദ് എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ യോഗം ചേർന്നിരുന്നു. എംജി റോഡിൽ തേവര ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കാനും പണ്ഡിറ്റ് കറുപ്പൻ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ തിരക്കു കുറയ്ക്കാനുമായാണു വർഷങ്ങൾക്കു മുൻപ് അറ്റ്ലാന്റിസ് റെയിൽവേ മേൽപാലം പദ്ധതിക്കു തീരുമാനമായത്. തിരക്കേറിയ സമയങ്ങളിൽ ഇവിടെ റെയിൽവേ ഗേറ്റിന് ഇരുവശത്തെയും കുരുക്കിൽപെട്ട് വലയുന്നവർ ഏറെയാണ്.
വലിയ വാഹനനിര പലപ്പോഴും എംജി റോഡിലേക്കും നീളുന്നുണ്ട്. മേൽപാലം നിർമാണത്തിനായി പഴയ അലൈൻമെന്റ് പ്രകാരവും മറ്റും ഏറ്റെടുത്ത സ്ഥലം കൂടാതെ നിലവിലെ പദ്ധതി ഡിസൈൻ പ്രകാരം 34 പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിൽ 31 പേരുടെ സ്ഥലം ഏറ്റെടുക്കാനുള്ള ഫയൽ ഇടപാടുകൾ തീർത്ത് ഉത്തരവായെന്നും ഇവരിൽ ചിലർക്കു കിട്ടേണ്ട പണം നൽകി, പദ്ധതി നിർവഹണ ഏജൻസിയായ ആർബിഡിസികെയ്ക്ക് സ്ഥലം കൈമാറുക മാത്രമാണു ബാക്കിയുള്ളതെന്നും എംഎൽഎ പറഞ്ഞു.
നിലവിലെ കണക്കു പ്രകാരം കോടതിയിലുള്ള ഒരു കേസും 3 പേരുടെ ഫയലുകളും മാത്രമാണു പരിഹരിക്കാനുള്ളത്. ഇത് ഉടൻ പൂർത്തിയാക്കാൻ എംഎൽഎ നിർദേശിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗതത്തിരക്കു കുറയ്ക്കാനും നഗര വികസനത്തിനും നിർണായകമാകുന്ന പദ്ധതി, വർഷങ്ങൾക്കു മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ‘ജൻറം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പ്രഖ്യാപിച്ചത്.
പനമ്പിള്ളി നഗറിലെ കിഴവന റോഡിൽ നിന്ന് എംജി റോഡിലേക്ക് 22 മീറ്റർ വീതിയിൽ മേൽപാലം പണിയാനായിരുന്നു തീരുമാനം. സ്ഥലം ഏറ്റെടുപ്പിനു തുടക്കമിടുകയും ചെയ്തു. എന്നാൽ, സാങ്കേതിക വിഷയങ്ങളിൽ തട്ടി പദ്ധതി നിലച്ചു. പിന്നീട്, 2016-17 കാലത്ത് കിഫ്‌ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ഡിസൈൻ അംഗീകരിച്ച്, റെയിൽവേ എൻഒസി നേടി സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ തുടങ്ങിയത് 2019ലാണ്.