മണപ്പുറത്തെ പൊതുടാപ്പിന് പൂട്ട്; ശബരിമല തീർഥാടകരെ ബുദ്ധിമുട്ടിലാക്കും
Mail This Article
ആലുവ∙ ഇന്നു മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല ഇടത്താവളമായ ആലുവ മണപ്പുറത്തെ ഏക പൊതു വാട്ടർ ടാപ്പിന്റെ കണക്‌ഷൻ വിഛേദിക്കുമെന്നു ദേവസ്വം ബോർഡിനു ജല അതോറിറ്റിയുടെ നോട്ടിസ്.നഗരത്തിലെ 9 പൊതു ടാപ്പുകളുടെ കണക്‌ഷൻ വിഛേദിക്കാൻ നഗരസഭ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് അസി. എൻജിനീയറുടെ നോട്ടിസിൽ പറയുന്നു. നഗരസഭയിലെ മുഴുവൻ പൊതു ടാപ്പുകളുടെയും കണക്‌ഷൻ വിഛേദിക്കണമെന്നു നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി ജല അതോറിറ്റിക്കു നൽകിയിരുന്നു.
അതനുസരിച്ച് ഉദ്യോഗസ്ഥർ ഒക്ടോബർ 21നു വാർഡുകളിൽ നടത്തിയ പരിശോധനയിൽ 9 പൊതു ടാപ്പുകൾ ഉള്ളതായി കണ്ടെത്തി. അതിലൊന്നാണ് മഹാദേവ ക്ഷേത്ര പരിസരത്ത് ദേവസ്വം ഓഫിസിന്റെ മുന്നിലുള്ള പൊതു ടാപ്പ്. ഇതു നിലനിർത്തണമെങ്കിൽ ദേവസ്വം ബോർഡ് ഓൺലൈനായി അപേക്ഷ നൽകി പണമടച്ചു പുതിയ കണക്‌ഷൻ എടുക്കണമെന്നും അറിയിപ്പിലുണ്ട്.മണ്ഡലകാലത്തു പൊതു വാട്ടർ ടാപ്പിന്റെ കണക്‌ഷൻ വിഛേദിക്കുന്നതു ശബരിമല തീർഥാടകർ അടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കും.