ഇടത്തോടുകളെ മൂടി പോളപ്പായൽ; മത്സ്യത്തൊഴിലാളികളും കർഷകരും ദുരിതത്തിൽ
Mail This Article
ആലങ്ങാട് ∙ ഇടത്തോടുകളിലും പുഴയിലും പോളപ്പായൽ നിറയാൻ തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികളും കർഷകരും ദുരിതത്തിലാക്കുന്നു. കോട്ടുവള്ളി– കരുമാലൂർ മേഖലയിലെ ഭൂരിഭാഗം ഇടത്തോടുകളിലും പോളപ്പായൽ നിറഞ്ഞിരിക്കുകയാണ്. കൂടാതെ ആനച്ചാൽ പുഴ, കരിങ്ങാംതുരുത്ത് പുഴ, ചെറിയപ്പിള്ളി പുഴ എന്നിവിടങ്ങളിലേക്കും പായൽ വന്നടിയുന്നുണ്ട്. നാലും അഞ്ചും മാസങ്ങളോളം തോടുകളിലും പുഴയിലും പോളപ്പായൽ തിങ്ങി നിറഞ്ഞു കിടക്കുന്നതു പതിവാണ്. ഇതു കൃഷിയും മത്സ്യബന്ധനവുമായി മുന്നോട്ടു പോകുന്നവരെ സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ ഊന്നിവല, ചീനവല, ഒഴുക്കുവല, കക്ക വാരൽ എന്നീ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും പോള നിറഞ്ഞു കഴിഞ്ഞാൽ കടുത്ത ബുദ്ധിമുട്ടിലാണ്.
വള്ളങ്ങൾ പോളക്കിടയിലൂടെ പോകാനുള്ള ബുദ്ധിമുട്ടും മൂലം പലരും വള്ളങ്ങളിൽ പോകുന്നതും നിർത്തി വരികയാണ്. മത്സ്യബന്ധന വലകളും ചൂണ്ടയും പോളയിൽ കുടുങ്ങി നശിക്കുന്നുണ്ട്. പായൽ തിങ്ങി നിറയാൻ തുടങ്ങിയതോടെ വെള്ളത്തിന്റെ നീരൊഴുക്കു തടസ്സപ്പെടുകയും തോടുകളിലും പുഴയിലും മാലിന്യങ്ങൾ അടിയാനും തുടങ്ങിയിട്ടുണ്ട്. ഒഴുകിയെത്തുന്ന പായൽ വൻതോതിൽ ഇടത്തോടുകളിലേക്കാണു വന്നടിയുന്നത്. പായൽ നീക്കുന്നതിനായി അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വർഷാവർഷം കൃത്യമായ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്നാണു മത്സ്യത്തൊഴിലാളികളുടെ ആവശ്യം.