മഞ്ഞപ്ര മൃഗാശുപത്രി വളപ്പിലെ ശുചിമുറി നിർമാണത്തിനെതിരെ കലക്ടർക്കു പരാതി
Mail This Article
കൊച്ചി∙ മഞ്ഞപ്ര മൃഗാശുപത്രിയുടെ മതിൽ കെട്ടിനുള്ളിൽ അനധികൃതമായി ശുചിമുറി പണിയുന്നതിനെതിരെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫിസർ എറണാകുളം ജില്ലാ കലക്ടർക്ക് പരാതി നൽകി. വളർത്തുമൃഗങ്ങളും വളർത്തുപക്ഷികളും ഉൾപ്പെടെ ഒരു മാസം 900ൽ അധികം ജീവികൾക്ക് ഇവിടെ ചികിത്സ നൽകുന്നുണ്ടെന്നും മൃഗാശുപത്രി പരിസരത്ത് ആളുകൾ കൂടുതൽ വരുന്നത് ജീവികൾക്ക് വിഭ്രാന്തിയുണ്ടാകാനും വിരണ്ടോടാനും സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.
അപരിചിതരുടെ കൂടുതൽ സാന്നിധ്യം നായ്ക്കൾ അക്രമാസക്തരാകാൻ ഇടയാക്കും. സ്ഥിരമായി അസുഖങ്ങളുള്ള മൃഗങ്ങളെ കൊണ്ടുവരുന്ന സ്ഥലത്ത് സാധാരണ മനുഷ്യർ കൂടുതലായി വരുന്നത് അസുഖങ്ങൾ പകരാനുള്ള സാഹചര്യം ഒരുക്കും. ജനകീയാസൂത്രണ പദ്ധതികളിൽപ്പെടുന്ന ആട്, കോഴി വിതരണം, കന്നുകുട്ടി പരിപാലനം എന്നിവ നടത്തുന്ന സ്ഥലത്താണ് ശുചിമുറി നിർമാണം.
മൃഗസംരക്ഷണ വകുപ്പിന്റെ അറിവോ സമ്മതമോ ഇല്ലാതെയുള്ള മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ നടപടിക്കെതിരെ ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ടെന്നും വിഷയം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.