ജലഅതോറിറ്റി സ്ഥാപിച്ച പൈപ്പിന്റെ കോണിൽ തട്ടി വാഹനങ്ങൾ പഞ്ചറാകുന്നത് പതിവ്
Mail This Article
കൂത്താട്ടുകുളം ∙ ഇടയാർ പിറവം റോഡിൽ വളപ്പ് അക്വാഡക്ടിനു സമീപം ജലഅതോറിറ്റി സ്ഥാപിച്ച പൈപ്പിന്റെ കോണിൽ തട്ടി വാഹനങ്ങൾ പഞ്ചറാകുന്നത് പതിവാകുന്നു. കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുമ്പോൾ റോഡിന്റെ ഇടതുവശത്താണ് രണ്ട് പൈപ്പുകൾ കൂട്ടി യോജിപ്പിച്ച ഭാഗം റോഡിലേക്ക് തള്ളി കൂർത്ത് നിൽക്കുന്നത്. ഇതിൽ തട്ടി നാലുചക്ര വാഹനങ്ങളുടെ ടയർ പൊട്ടുകയും കേടുപാട് ഉണ്ടാവുകയും ചെയ്യുന്ന സ്ഥിതിയാണ്.
ഏതാനും ദിവസത്തിനുള്ളിൽ പത്തോളം വാഹനങ്ങളുടെ ടയർ പഞ്ചറായെന്നു നാട്ടുകാർ പറഞ്ഞു. പൈപ്പ് മാറ്റി സ്ഥാപിക്കാൻ ജലഅതോറിറ്റി അധികൃതർ തയാറാകുന്നില്ലെന്നാണു പരാതി. ഇതേ റോഡിൽ തണ്ടാൻകുന്നേൽ താഴത്ത് പൈപ്പിട്ട ശേഷം കോൺക്രീറ്റ് ഇട്ട് ഉയർത്തിയ തിട്ടയിൽ വാഹനങ്ങളിടിച്ചും അപകടം പതിവാണ്. ഇവിടെ റോഡിനടിയിൽ പൈപ്പ് സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.