മുനമ്പം വിഷയം: സുരേഷ് ഗോപിക്ക് എതിരെയും ബി. ഗോപാലകൃഷ്ണനെതിരെയും പരാതി
Mail This Article
കൊച്ചി∙ മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും കേസ് എടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ പരാതി നൽകി. സമൂഹത്തിൽ മതത്തിന്റെ പേരിൽ സ്പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നൽകിയത്. കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.
സുരേഷ് ഗോപിയുടെ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും വിവിധ മതവിഭാഗങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സമാനമായ പരാമർശമാണ് വഖഫ് ഭൂമി വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും നടത്തിയത്. മതേതര കേരളത്തിന്റെ അഭിമാന കേന്ദ്രമായ എരുമേലിയിലെ വാവര് പള്ളിയെയും വാവരുസ്വാമിയെയും അധിക്ഷേപിച്ചു കൊണ്ട് കലാപാഹ്വാനം നടത്തിക്കൊണ്ടാണ് ജി.ഗോപാലകൃഷ്ണൻ പ്രസംഗിച്ചത് എന്നും പരാതിയിൽ പറയുന്നു.