മുനമ്പം ഭൂമി പ്രശ്നം: സമരത്തിന് ബിഷപ്പുമാരുടെ പിന്തുണ
Mail This Article
കൊച്ചി∙ മുനമ്പം ഭൂമി വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു ക്രൈസ്തവ സഭാ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തിൽ 4 ബിഷപ്പുമാർ സമരപ്പന്തൽ സന്ദർശിച്ച് പിന്തുണ അറിയിച്ചു. ആക്റ്റ്സ് പ്രസിഡന്റ് ബിഷപ് ഉമ്മൻ ജോർജ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് മാത്യൂസ് മാർ സിൽവാനിയോസ്, റവ. ഡോ. സി.എ.വർഗീസ്, ലഫ്. കേണൽ സാജു ഡാനിയൽ, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ എന്നിവർ സമര പന്തലിൽ പ്രസംഗിച്ചു.
ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് നടത്തിയ ചർച്ചയിൽ കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ പ്രസിഡന്റ് ഷെറി ജെ. തോമസ്, ഫാ. ഫ്രാൻസിസ് സേവ്യർ താന്നിയ്ക്കാപ്പറമ്പിൽ, മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളായ ഫാ. ആന്റണി സേവ്യർ തറയിൽ, സെബാസ്റ്റ്യൻ റോക്കി, ജോസഫ് ബെന്നി എന്നിവരും പങ്കെടുത്തു.
യൂഹാനോൻ മാർ പോളിക്കാർപ്പോസ് (ഓർത്തഡോക്സ് സഭ )
മുനമ്പം ജനതയുടെ ഭൂമി പ്രശ്നം എത്രയും വേഗം പരിഹരിക്കണം. ഇത് ക്രൈസ്തവരുടെ മാത്രം പ്രശ്നമല്ല മറിച്ച് സമൂഹത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണ്. റവന്യു അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മുനമ്പം ജനത ധർമസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള അവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കപ്പുറം പ്രശ്ന പരിഹാരത്തിനുള്ള മാർഗങ്ങൾ തേടാൻ രാഷ്ട്രീയ നേതൃത്വം തയാറാവണം. സമൂഹനന്മയ്ക്ക് ഉതകുന്ന നടപടികൾ വൈകരുത്.
ബിഷപ് ഡോ.ഉമ്മൻ ജോർജ്(സിഎസ്ഐ സഭ)
മുനമ്പം ജനതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ തയാറാകണം. പോരാട്ടം ശക്തമായിത്തന്നെ തുടരണം. അതിന് ഫലം ഉണ്ടാവും. ന്യായമായ സമരങ്ങൾ വിജയിക്കാതിരുന്നിട്ടില്ല. സഭകളുടെ ഒന്നടങ്കമുള്ള പിന്തുണ മുനമ്പം ജനതയ്ക്ക് ഉണ്ടാകും.
മാത്യൂസ് മാർ സിൽവാനിയോസ് (ബിലീവേഴ്സ് ചർച്ച് – ഈസ്റ്റേൺ സഭ)
മുനമ്പം ജനതയ്ക്ക് നീതി ലഭ്യമാക്കാൻ ഭരണസംവിധാനങ്ങൾ എത്രയും വേഗം രംഗത്തിറങ്ങണം. മുനമ്പത്തെ നീറുന്ന പ്രശ്നം കണ്ടില്ലെന്ന് നടിക്കാൻ ഒരു ഭരണകൂടത്തിനും കഴിയില്ല. മലയോരവും തീരദേശവും പലപ്പോഴും നീതി നിഷേധിക്കപ്പെടുന്ന മേഖലകളാണ്. അവിടെ സാധാരണക്കാരുടെ കണ്ണീരൊപ്പാൻ സംവിധാനങ്ങൾ വേണം. അതിന് ഉത്തരവാദപ്പെട്ടവർ എത്രയും വേഗം രംഗത്തുവരണം
ഡോ.സി.എ.വർഗീസ് (മാർത്തോമ്മ സഭ)
മുനമ്പത്ത് വേദന അനുഭവിക്കുന്നവർക്ക് ഒപ്പം ക്രൈസ്തവ സഭാ നേതൃത്വം ഒറ്റക്കെട്ടായി ഉണ്ടാവും. മുനമ്പത്തെ ജനങ്ങൾ ധൈര്യത്തോടുകൂടി മുന്നോട്ടുപോകണം. അവർക്ക് എല്ലാ പിന്തുണയും ഉണ്ടാവും.
സാജു ഡാനിയേൽ (സാൽവേഷൻ ആർമി)
മുനമ്പത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാവർക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. അവരുടെ സമരത്തിന് ദിനംപ്രതി പിന്തുണ ഏറിവരികയാണ്. ശക്തമായ പിന്തുണയുമായി സമരക്കാർക്കൊപ്പം നിൽക്കുകയാണ് ഈ ഘട്ടത്തിൽ വേണ്ടത്.
ഇന്ന് ഉപവാസ പ്രാർഥന
കൊച്ചി∙ മുനമ്പം വിഷയത്തിൽ ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ഭാരവാഹികൾ പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തിൽ ഇന്ന് ഉപവാസ പ്രാർഥന നടത്തും. ഹൈക്കോടതി ജംക്‌ഷനിൽ രാവിലെ 9നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.