ടിക്കറ്റ് ചട്ട പ്രകാരമല്ലെങ്കിൽ ബസിന്റെ ‘ടിക്കറ്റ്’ കീറും; സ്വകാര്യ ബസ് ടിക്കറ്റുകളിൽ അപാകത കണ്ടെത്തി മോട്ടർ വാഹന വകുപ്പ്
Mail This Article
കാക്കനാട് ∙ സ്വകാര്യ ബസുകളിൽ യാത്രാനിരക്കു നൽകുമ്പോൾ കണ്ടക്ടർ കീറിത്തരുന്ന ടിക്കറ്റ് ശ്രദ്ധിച്ചിട്ടുണ്ടോ? ആ കുഞ്ഞൻ ടിക്കറ്റുകൾക്ക് പിന്നിൽ ഒരുപാടു നിയമങ്ങൾ ഒളിച്ചിരിപ്പുണ്ട്. ടിക്കറ്റിലെ നിബന്ധനകൾ പാലിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്നു ചൂണ്ടിക്കാട്ടി ബസുടമകൾക്ക് മോട്ടർ വാഹന വകുപ്പ് നോട്ടിസ് നൽകി. ടിക്കറ്റുകളിൽ ഒട്ടേറെ പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ബസിൽ വിതരണം ചെയ്യുന്ന ടിക്കറ്റുകൾക്ക് 7.5 സെന്റീമീറ്റർ നീളവും 3 സെന്റീമീറ്റർ വീതിയും വേണം.
ബസ് നമ്പർ, യാത്രാനിരക്ക്, ഫെയർ പോയിന്റ്, ടിക്കറ്റ് നമ്പർ തുടങ്ങിയവ രേഖപ്പെടുത്തണമെന്നും മോട്ടർ വാഹന നിയമത്തിലുണ്ട്. യാത്രക്കാർക്കു നൽകുന്ന ടിക്കറ്റുകളുടെ കൗണ്ടർ ഫോയിൽ ബസിൽ സൂക്ഷിക്കണം. പല സ്വകാര്യ ബസുകളും ഇതു കൃത്യമായി പാലിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. എൻഫോഴ്സ്മെന്റ് ആർടിഒ കെ.മനോജും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ബസുകളിൽ സഞ്ചരിച്ചു ശേഖരിച്ച ടിക്കറ്റുകൾ പരിശോധിച്ചപ്പോഴും പലതും നിയമം വിട്ടുള്ളതാണെന്നു കണ്ടെത്തി.
ഭൂരിഭാഗം ബസുകളിലും ഇപ്പോഴും ടിക്കറ്റുകൾ കീറി നൽകുകയാണ് പതിവ്. ഡിജിറ്റൽ ടിക്കറ്റുകൾ ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും സ്വകാര്യബസുകളിൽ ഇതു വ്യാപകമായിട്ടില്ല. ബസ് ഓപ്പറേറ്റേഴ്സ് സംഘടനകൾക്ക് ആർടിഒ നൽകിയ കത്തിന്റെ പകർപ്പ് കലക്ടർക്കും സമർപ്പിച്ചു. സ്വകാര്യ ബസുകളുടെ നിയന്ത്രണം റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർടിഎ) ആണെന്നതിനാലാണ് അതിന്റെ ചെയർമാൻ എന്ന നിലയ്ക്കു കലക്ടർക്കും കത്തു നൽകിയത്.
ബസുകളിലും ഓട്ടോകളിലും വേഷം മാറി പരിശോധന
സ്വകാര്യ ബസുകളിലും ഓട്ടോറിക്ഷകളിലും ഉണ്ടാകുന്ന നിയമ ലംഘനങ്ങൾ കണ്ടെത്താനും യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യൂണിഫോമില്ലാതെ സഞ്ചരിക്കും. സാധാരണ യാത്രക്കാരായി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ ബസിലും ഓട്ടോയിലും ഏതു സമയത്തും പ്രതീക്ഷിക്കാമെന്നു ചുരുക്കം.
കഴിഞ്ഞയാഴ്ച കൊച്ചി നഗരത്തിലും പരിസരത്തും ഓട്ടോറിക്ഷകളിൽ യൂണിഫോമില്ലാതെ സാധാരണ യാത്രക്കാരായി സഞ്ചരിച്ച അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഒട്ടേറെ നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. സ്വകാര്യ ബസുകളിലെ ടിക്കറ്റുകളിലെ പോരായ്മകൾ കണ്ടെത്തിയതും വേഷം മാറി സഞ്ചരിച്ച ഉദ്യോഗസ്ഥരാണ്.