ഇരുട്ടിയാല്‍ തൊടുപുഴയ്ക്ക് ബസില്ല; എറണാകുളം സ്റ്റാൻഡില്‍ സ്ഥിരം വഴക്ക്
Mail This Article
എറണാകുളം∙ യാത്രക്കാരോട് എന്തെങ്കിലും ഒരുത്തരവാദിത്തം വേണ്ടേ? അത് ഇല്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണ് കെഎസ്ആര്‍ടിസി. അതും ദേശസാല്‍കൃത റൂട്ടില്‍. എറണാകുളം-തൊടുപുഴ റൂട്ടില്‍ അന്തിയായാല്‍ പിന്നെ കെഎസ്ആര്‍ടിസി പതിവായി ട്രിപ്പ് മുടക്കും. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ശേഷം എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് തൊടുപുഴയ്ക്ക് ഒരു ബസ് പുറപ്പെട്ടത് 8മണിക്ക്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം കുടുങ്ങിയത്. കാത്തുനിന്ന് മുഷിഞ്ഞ യാത്രക്കാര്‍ ഒടുവില്‍ സ്റ്റേഷന്‍മാസ്റ്ററെ ഉപരോധിച്ചു. എന്തുകൊണ്ട് ബസില്ലെന്ന് പറയാന്‍ അധികൃതര്‍ക്കുമായില്ല. ബ്ലോക്കുമൂലം വൈകുന്നതാണെന്നായിരുന്നു വിശദീകരണം . ഇത്തരത്തില്‍ വൈകുന്ന ബസുകള്‍ വൈറ്റില ഹബ്ബിലെത്തി മടങ്ങുന്നതിനാല്‍ എറണാകുളം സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുന്നവര്‍ ദുരിതത്തിലാകും.
ദിവസവും ശരാശരി 25000 രൂപയ്ക്ക് മേല്‍ കലക്ഷനുള്ള തൊടുപുഴ എറണാകുളം റൂട്ടില്‍ കൃത്യമായി ബസ് ഓടിക്കുന്ന കാര്യത്തില്‍ അധികൃതര്‍ക്ക് തികഞ്ഞ അനാസ്ഥയാണ്. മുവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് പത്തും തൊടുപുഴയില്‍ നിന്ന് ആറും എറണാകുളം ഡിപ്പോയില്‍ നിന്ന് ഒരു ബസുമാണ് തൊടുപുഴ എറണാകുളം ചെയിന്‍ സര്‍വീസിലുളളത്. ഈ ബസുകളെല്ലാം ചേര്‍ന്ന് ദിവസം 51 സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് വയ്പ്. രാവിലെ കൃത്യമായി ഓടി തുടങ്ങുമെങ്കിലും ഉച്ചയോടെ ചെയിന്‍ പൊട്ടും. അതോടെ സര്‍വീസുകളുടെ എണ്ണവും കുറയും. വൈകുന്നേരമാകുന്നതോടെ സര്‍വീസുകള്‍ പകുതിയും ഉണ്ടാകില്ല.
കൂനിന്‍മേല്‍ കുരുപോലെ ശബരിമല മണ്ഡലക്കാലം കൂടി എത്തിയതോടെ ചെയിനില്‍ ഓടുന്ന ബസുകളുടെ എണ്ണവും വെട്ടിക്കുറച്ചു. തൊടുപുഴ മുവാറ്റുപുഴ ഡിപ്പോകളില്‍ നിന്നടക്കം റണ്ണിങ് കണ്ടീഷനിലുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ശബരിമല സ്പെഷല്‍ സര്‍വീസിനായി വലിച്ചു. ഇതും പ്രതിസന്ധി രൂക്ഷമാക്കി. ഫാസ്റ്റ് പാസഞ്ചറുകള്‍ക്ക് പകരം കണ്ടംചെയ്യാറായ ഓര്‍ഡിനറി ബസുകളാണ് ഇപ്പോള്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്.
പ്രതിപക്ഷ എംഎഎമാരുടെ മണ്ഡലങ്ങളിലെ ഡിപ്പോകളോടുള്ള അവഗണനയും തൊടപുഴയിലും മുവാറ്റുപുഴയിലും പ്രകടമാണ്. കേരളത്തിലെ മിക്ക ഡിപ്പോകള്‍ക്കും റണ്ണിങ് കണ്ടീഷനുള്ള ബസുകള്‍ അനുവദിക്കുമ്പോള്‍ ഈ രണ്ടു ഡിപ്പോകളെ കണ്ടില്ലെന്ന് നടക്കുന്നതാണ് ഗതാഗതവകുപ്പിന്‍റെ സമീപനം. തൊടുപുഴ എറണാകുളം റൂട്ടിൽ 4എസി ലോ ഫ്ലോർ ബസുകളും സർവീസ് നടത്തിയിരുന്നു. ഇതിൽ മുവാറ്റുപുഴ ഡിപ്പോയുടെ ബസ് കത്തി നശിച്ചതോടെ രണ്ട് സർവീസുകൾ ഈ റൂട്ടിൽ ഇല്ലാതായി. പകരം ബസ് ഇനിയും ഓടിത്തുടങ്ങിയിട്ടില്ല.