എംസി റോഡിലും പെരുമ്പാവൂർ ടൗണിലും വാഹനത്തിരക്കും അപകടങ്ങളും പെരുകി
Mail This Article
പെരുമ്പാവൂർ∙ എംസി റോഡിലും പെരുമ്പാവൂർ ടൗണിലും വാഹനത്തിരക്കും അപകടങ്ങളും പെരുകി. മണ്ണൂർ അന്നപൂർണ ജംക്‌ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർക്കു പരുക്കേറ്റതിനു പിന്നാലെ പുല്ലുവഴി വില്ലേജ് ജംക്‌ഷനിൽ 3 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. മൂവാറ്റുപുഴയിൽ നിന്നു വന്ന കാർ പെരുമ്പാവൂരിൽ നിന്നു വന്ന ലോറിയിലും കാറിലും ഇടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.
ശബരിമല തീർഥാടന കാലത്ത് വാഹനങ്ങളുടെ എണ്ണം കൂടുതലായതിനാൽ എംസി റോഡിൽ മോട്ടർ വാഹന വകുപ്പ് അതീവ അപകട മേഖലയായി രേഖപ്പെടുത്തിയിരിക്കുന്ന ബ്ലാക്ക് സ്പോട്ടുകളിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് ആവശ്യം. ഒക്കൽ മുതൽ മണ്ണൂർ വരെ ഒക്കൽ, കാരിക്കോട്, വല്ലംപാലം, പൊന്മണി റൈസിന് സമീപം, പൊലീസ് ക്വാർട്ടേഴ്‌സ്, പുല്ലുവഴി, തായ്കരചിറങ്ങര, കീഴില്ലം അമ്പലംപടി, കീഴില്ലം ഷാപ്പ്, കീഴില്ലം സെന്റ് തോമസ് സ്‌കൂൾ എന്നിവ ബ്ലാക്ക് സ്പോട്ടുകളാണ്. ടൗണിലും തിരക്ക് വർധിച്ചു.
കൂടുതൽ പൊലീസുകാരെ നിയോഗിച്ചും ബദൽ റോഡുകൾ ഉപയോഗപ്പെടുത്തിയും തിരക്ക് നിയന്ത്രിക്കണമെന്നാണ് ആവശ്യം. വടക്കൻ ജില്ലകളിൽ നിന്നു വരുന്ന ശബരിമല തീർഥാടകർ കടന്നു പോകുന്ന പ്രധാന റോഡാണ് എംസി റോഡ്. നഗരത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന് പെരുമ്പാവൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് നഗരത്തിൽ പ്രവേശിച്ച് വിമാനത്താവളം,, റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങൾ എന്നിവയിലേക്ക് യഥാസമയം എത്തിച്ചേരാൻ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് പെരുമ്പാവൂർ ജനകീയ വികസന സമിതി ഭാരവാഹികളായ എൻ. രാമചന്ദ്രൻ , സി.കെ.അബ്ദുല്ല, ജോൺ ടി. ബേബി, ടി.എം.സാദിക് അലി എന്നിവർ ആവശ്യപ്പെട്ടു.