നാലുപാലം പുനർനിർമാണം: തീരുമാനം വൈകുന്നു
Mail This Article
കുറുപ്പംപടി ∙ മുടക്കുഴ പഞ്ചായത്തിലെ നാലു പാലം പുനർനിർമാണ തീരുമാനം വൈകുന്നു. നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് എൽദോസ് കുന്നപ്പിള്ളി എംഎൽഎയും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി അജിത് കുമാറും നിവേദനം നൽകി.തിരക്കേറിയ കീഴില്ലം കുറിച്ചിലക്കോടു റോഡിലാണ് പാലം. കുറിച്ചിലക്കോട്, മലയാറ്റൂർ, അങ്കമാലി ഭാഗങ്ങളിലേക്ക് പോകുന്നവർക്കുള്ള എളുപ്പ വഴിയാണ് ഇത്.
മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രം, അകനാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കു സമീപമുള്ള പാലം എന്ന പ്രത്യേകതയും ഉണ്ട്. കുറച്ചു മാസങ്ങൾക്കു മുൻപ് മിനിലോറി ഇടിച്ച് ഇവിടെ പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. 65 വർഷം പഴക്കമുള്ള പാലവുമാണിത്. പാലത്തിന് ഒരു വാഹനത്തിനു മാത്രം കടന്നു പോകാനുള്ള വീതി മാത്രമാണുള്ളത്. എതിർ വാഹനങ്ങൾ ഒരു വശത്ത് നിർത്തിയിട്ടതിനു ശേഷമാണ് ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്നത്. പാലത്തിന്റെ അപ്പുറവും ഇപ്പുറവും റോഡിന് വീതിയുണ്ടെങ്കിലും പാലത്തിന്റെ വീതി കുറവ് പലപ്പോഴും ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ടെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ സംസ്ഥാന ബജറ്റിലേക്ക് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പദ്ധതി സമർപ്പിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എസ്റ്റിമേറ്റ് തയാറാക്കുകയും സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.4 കോടി രൂപയുടെ പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയത്. നിലവിലുള്ള പാലം പൊളിച്ചു പണിയുന്നതിനാണു പുതിയ പദ്ധതി. വീതി കൂട്ടി നടപ്പാത ഉൾപ്പെടെ നിർമിക്കും.എത്രയും വേഗത്തിൽ പദ്ധതിക്കു ഭരണാനുമതി നൽകണമെന്ന് എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മന്ത്രിയോട് ആവശ്യപ്പെട്ടു.