മുനമ്പം: തീരുമാനം നീട്ടിക്കൊണ്ടു പോകരുതെന്ന് ആർച്ച് ബിഷപ്
Mail This Article
വൈപ്പിൻ∙ മുനമ്പം ഭൂമി വിഷയത്തിൽ ഇനി കണ്ണു തുറക്കേണ്ടത് അധികാരികളാണെന്നു തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ യോഗം വിളിച്ചിരിക്കുന്നത് സ്വാഗതാർഹമാണെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പേരിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതു ശരിയല്ലെന്നും മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലേ നിരാഹാര സമരപ്പന്തലിൽ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ചു കൂട്ടിയിരിക്കുന്ന യോഗത്തോടെ പ്രശ്നം തീരണമെന്നാണ് ആഗ്രഹിക്കുന്നത്. കാര്യങ്ങൾ നീണ്ടു പോയാൽ മുതലെടുക്കുന്നവർ അത് ഉപയോഗപ്പെടുത്തും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരേണ്ടതുണ്ടെന്നും ആർച്ച് ബിഷപ് പറഞ്ഞു. റവന്യു അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മുനമ്പത്ത് കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മാധ്യമങ്ങളിൽ നിന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, ആലുവ കാർമൽഗിരി സെമിനാരി പ്രഫസർമാരായ ഫാ.ഡോ.ആർ.ബി.ഗ്രിഗറി, ഫാ.ഡോ. മരിയ മൈക്കിൾ ഫെലിക്സ്, കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ.ആന്റണി സേവ്യർ തറയിൽ എന്നിവർ പ്രസംഗിച്ചു.
ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് യോഗക്ഷേമസഭ
∙ കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പം നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നു യോഗക്ഷേമസഭ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. വഖഫ് നിയമം തെറ്റായി വ്യാഖ്യാനിച്ചാണു മുനമ്പം സ്വദേശികളെ കുടിയിറക്കാൻ ശ്രമിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, സംസ്ഥാന ജനറൽ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണൻ പോറ്റി, വനിതാ പ്രസിഡന്റ് മല്ലിക നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് പി.വി ശിവദാസ്, സംസ്ഥാന സെക്രട്ടറി കെ. ഡി.ദാമോദരൻ, മധ്യമേഖലാ പ്രസിഡന്റ് ടി.എൻ മുരളീധരൻ, സെക്രട്ടറി രവി പന്തൽ, ജില്ലാ പ്രസിഡന്റ് സ്വർണ്ണത്ത് നാരായണൻ നമ്പൂതിരിപ്പാട്, സെക്രട്ടറി ശ്രീകുമാർ കാപ്പിള്ളി, ഉപസഭാ സെക്രട്ടറി പണിക്കാമറ്റം നാരായണൻ നമ്പൂതിരി എന്നിവർ ഐക്യദാർഢ്യ പ്രഖ്യാപന ജാഥയ്ക്കു നേതൃത്വം നൽകി.
മുനമ്പം: മെഴുകുതിരി കത്തിച്ച് സംഗമം
അരൂർ∙മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ മെഴുകുതിരി കത്തിച്ച് സംഗമം നടത്തി. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് സംഗമത്തിൽ പങ്കെടുത്തവർ പ്രഖ്യാപിച്ചു.യോഗത്തിൽ വികാരി ഫാ.മാർട്ടിൻ ഡെലീഷ് വകപ്പാടത്ത് , ഫാ.ആന്റണി കുഴിവേലിൽ , യേശുദാസ്, ജോളി പവേലിൽ, ബെന്നി തൈവീട്ടിൽ എന്നിവർ പ്രസംഗിച്ചു.ഇടവക പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, മതബോധന അധ്യാപകർ പങ്കെടുത്തു.