ശുചിമുറിയിൽ തമ്മിൽ തല്ല്
Mail This Article
അങ്കമാലി ∙മഞ്ഞപ്ര വെറ്ററിനറി ഡിസ്പെൻസറി കോംപൗണ്ടിൽ ശുചിമുറി നിർമിക്കുന്നതിനെ ചൊല്ലി പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും തമ്മിലുള്ള തർക്കം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. വെറ്ററിനറി ഡിസ്പെൻസറിയിലെ നിർമാണ പ്രവർത്തനങ്ങൾക്കു മൃഗസംരക്ഷണ വകുപ്പിന്റെ അനുമതി വേണം. കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയെ തുടർന്ന് അനുമതിക്കായി പഞ്ചായത്ത് അപേക്ഷ നൽകി. പഞ്ചായത്തുകൾക്കു കൈമാറ്റം ചെയ്തിട്ടുള്ള സർക്കാർ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള വസ്തു വകകൾ ആ സ്ഥാപനത്തിന്റെ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ടതാണെന്നും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫിസർ കലക്ടർക്കു പരാതി നൽകിയിരുന്നു. ഇതേ തുടർന്നു നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു.
മഞ്ഞപ്ര വെറ്ററിനറി ഡിസ്പെൻസറി കോംപൗണ്ടിൽ പൊതു ശുചിമുറി നിർമിക്കുന്നതിന് പഞ്ചായത്തിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് പഞ്ചായത്തംഗങ്ങളായ ജേക്കബ് മഞ്ഞളി, അനു ജോർജ്, സിജു ഈരാളി, സാജു കോളാട്ടുകുടി തുടങ്ങിയവർ അടിയന്തര കമ്മിറ്റി അജൻഡയിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.ശുചിമുറി നിർമാണം നിർത്തിവയ്ക്കണമെന്ന് യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു.പൊതുശുചിമുറി പൊതുസ്ഥലത്താണ് നിർമിക്കേണ്ടത്. മൃഗസംരക്ഷണ വകുപ്പിന്റെ കൈവശത്തിലുള്ള സ്ഥലത്ത് ശുചിമുറി നിർമിക്കാൻ പഞ്ചായത്തിന് അധികാരമില്ലെന്നും പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ശുചിമുറി നിർമാണത്തിനായി കഴിഞ്ഞ 11ന് സാധന സാമഗ്രികൾ ഇറക്കിയപ്പോഴാണ് പൊതുശുചിമുറി നിർമിക്കുന്ന കാര്യം അറിയുന്നതെന്നും മൃഗസംരക്ഷണ വകുപ്പിന്റെ അറിവോ അനുമതിയോ കൂടാതെ വെറ്ററിനറി ഡിസ്പെൻസറി കോംപൗണ്ടിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും മൃഗസംരക്ഷണവകുപ്പ് കലക്ടർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.ഈ പരാതിയെ തുടർന്ന് എൽഎസ്ജെഡി ജോയിന്റ് ഡയറക്ടറുടെ നിർദേശപ്രകാരം നിർമാണ പ്രവർത്തനങ്ങൾ പഞ്ചായത്ത് നിർത്തിവച്ചിരിക്കുകയാണ്.