കായലുകളിൽ പായൽ നിറഞ്ഞു; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം
Mail This Article
അരൂർ ∙ കായലുകളിൽ പായൽ നിറഞ്ഞു. ജലയാനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും ദുരിതമായി. വേമ്പനാട്ട് കായലിലും ഇതിന്റെ കൈവഴിയായ അരൂർ കൈതപ്പുഴ കായലിലും പായൽ തിങ്ങിയതോടെ മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങൾ ഇല്ലാതായി. ചീനവലകൾ കായലിലേക്കു താഴ്ത്താൻ കഴിയുന്നില്ല. ഊന്നി വല കുറ്റികളിൽ പായൽ തിങ്ങി അടിഞ്ഞു കിടക്കുകയാണ്.ബോട്ട്, ചങ്ങാടം സർവീസുകൾക്കും കടത്തു വഞ്ചികൾക്കും പായൽ ഭീഷണിയായി മാറി.
എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപിലേക്കുള്ള യാത്രാമാർഗം കടത്തു വഞ്ചിയാണ്. ഇവിടെയും പായൽ തിങ്ങിത്തുടങ്ങി. എഴുപുന്ന–അരൂക്കുറ്റി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എരമല്ലൂർ– കുടപുറം ഫെറിയിൽ നിലവിൽ ബോട്ട് ചങ്ങാടം സർവീസാണുള്ളത്. ഇവിടെയും പായൽ തിങ്ങിയതോടെ ചില സമയങ്ങളിൽ ബോട്ട് കരഭാഗത്തേക്കു അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഉത്ഭവ സ്ഥാനത്തു തന്നെ പായൽ നീക്കം ചെയ്യണമെന്ന വേമ്പനാട് കായൽ സംരക്ഷണ സമിതിയുടെ ആവശ്യം സർക്കാർ ഇതേവരെ പരിഗണിച്ചിട്ടില്ല.