മാഞ്ചേരിക്കുഴിപ്പാലം വഴി ബസ് സർവീസ് വേണം
Mail This Article
കിഴക്കമ്പലം∙മോറയ്ക്കാല–മാഞ്ചേരിക്കുഴിപ്പാലം വഴി ഇൻഫോപാർക്ക് കാക്കനാട് ഭാഗത്തേക്ക് ബസ് റൂട്ട് ആരംഭിക്കണമെന്നുള്ള ആവശ്യം ശക്തം. വർഷങ്ങൾക്ക് മുൻപ് പടിഞ്ഞാറെ മോറയ്ക്കാലയിലേക്ക് സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നു. പിന്നീട് അത് നിറുത്തി. മാഞ്ചേരിക്കുഴിപ്പാലം തുറക്കുമ്പോൾ ഇൻഫോപാർക്ക് വഴി കാക്കനാട് വരെ ബസ് സർവീസ് ആരംഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതും ഉണ്ടായില്ല. മൂന്ന് വർഷം മുൻപാണ് പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
പടിഞ്ഞാറെ മോറയ്ക്കാലയിലുള്ള നൂറു കണക്കിന് ജനങ്ങൾക്ക് കാക്കനാട്ടേക്കും എറണാകുളത്തേക്കും ബസിൽ പോകണമെങ്കിൽ മോറയ്ക്കാലയിൽ എത്തി അവിടെ നിന്നു പള്ളിക്കരയിൽ എത്തി മറ്റൊരു ബസിൽ കയറി വേണം പോകാൻ. കിലോമീറ്ററുകൾ അധികം ചുറ്റിക്കറങ്ങണം. മാഞ്ചേരിക്കുഴിപ്പാലം വഴി ബസ് അനുവദിച്ചാൽ 10 കിലോമീറ്റർ ലാഭം ഉണ്ടാകും. പടിഞ്ഞാറെ മോറയ്ക്കാലയിൽ നിന്നു ഒട്ടേറെ കുട്ടികളാണ് മോറയ്ക്കാല, കിഴക്കമ്പലം സ്കൂളിൽ പഠിക്കുന്നത്. ഇവരെല്ലാവരും മോറയ്ക്കാല വരെ നടന്നോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിച്ചാണ് എത്തുന്നത്. കാക്കനാട് നിന്നു വരുന്ന കുട്ടികൾ പള്ളിക്കരയിൽ ബസ് ഇറങ്ങി മറ്റൊരു ബസിനെ ആശ്രയിച്ചാണ് മോറയ്ക്കാലയിൽ എത്തുന്നത്. കൂടാതെ ബസ് റൂട്ട് വന്നാൽ ഇൻഫോപാർക്ക്, സ്മാർട് സിറ്റി, കലക്ടറേറ്റ് എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും.
സുരക്ഷ പോരെന്ന് ഗതാഗത വകുപ്പ്
റോഡിന് കൈവരിയില്ലെന്നും സുരക്ഷാ നടപടികൾ ഇല്ലെന്നും പറഞ്ഞാണ് ഗതാഗത വകുപ്പ് ബസ് റൂട്ടിന് അനുമതി നിഷേധിക്കുന്നത്. എന്നാൽ എട്ട് സ്കൂൾ ബസുകളും ടാങ്കർ ലോറികളും ടിപ്പറുകളും സഞ്ചരിക്കുന്ന റോഡാണിത്. പിന്നെ എന്തുകൊണ്ട് ബസ് റൂട്ട് മാത്രം അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ചോദ്യം. റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ ഇത്തരം വാഹനങ്ങളും നിരോധിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.