പെരുമ്പാവൂർ ടൗൺ ബൈപാസ് നിർമാണം ആരംഭിച്ചു
Mail This Article
പെരുമ്പാവൂർ ∙ടൗൺ ബൈപാസ് പദ്ധതിയുടെ നിർമാണം ആരംഭിച്ചു. പദ്ധതി പ്രദേശത്ത് പെരിയാർവാലി കനാലിന് കുറുകെ കലുങ്ക് നിർമാണമാണ് ആരംഭിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബറിൽ നടക്കും. 25 മീറ്റർ വീതിയിലും 3 മീറ്റർ നീളത്തിലുമാണു കലുങ്ക് നിർമിക്കുന്നത്. 5 കലുങ്കുകൾ പദ്ധതിയുടെ ഭാഗമായി നിർമിക്കും.
1.37 കിലോമീറ്ററിൽ 4 വരി പാതയായിട്ടാണ് ആദ്യഘട്ടത്തിൽ നിർമാണം.ബൈപാസ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി നിരപ്പാക്കി മണ്ണു നിരത്തുന്ന ജോലി പുരോഗമിക്കുകയാണ്. ഇതിനു ശേഷം ലെവൽസ് എടുക്കുന്ന പ്രവൃത്തി പൂർത്തീകരിക്കും. 24 കോടി രൂപയാണ് ആദ്യ ഘട്ടത്തിലെ റോഡ് നിർമാണത്തിന് അനുവദിച്ചത്.ആലുവ മൂന്നാർ റോഡിൽ മരുത് കവലയിൽ നിന്ന് ആരംഭിച്ചു ഓൾഡ് മൂവാറ്റുപുഴ റോഡിൽ കാഞ്ഞിരമുക്ക് പാലത്തിനു സമീപമാണ് ആദ്യ ഘട്ടം അവസാനിക്കുന്നത്. അവിടെ നിന്നു പാലക്കാട്ടുതാഴം പാലം വരെയാണ് രണ്ടാം ഘട്ടം.
4 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ ദൂരം. 25 മീറ്റർ വീതി റോഡിന് ഉണ്ടാകും. 60 പേരുടെ ഭൂമി പദ്ധതിക്കായി ഏറ്റെടുത്തു.ബൈപാസിന്റെ രണ്ടാം ഘട്ടത്തിനു ഭൂമിയേറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. ലാൻഡ് റവന്യു കമ്മിഷണറിൽ നിന്നും കൃഷി വകുപ്പിൽ നിന്നും അനുമതി ലഭിച്ചു. രണ്ടാംഘട്ട പ്രവർത്തനവുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തുന്നതിനു രാജഗിരി കോളജ് ഓഫ് എൻജിനീയറിങ്ങിനെയാണു നിയോഗിച്ചിരിക്കുന്നത്. സർവേ കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കാനുണ്ട്.