ജീവനക്കാർക്ക് ശമ്പളം ഇല്ല എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം അവതാളത്തിൽ
Mail This Article
മുളന്തുരുത്തി ∙ശമ്പളം മുടങ്ങി, ജില്ലാ പഞ്ചായത്തിനു കീഴിലെ എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചു. തെരുവുനായ നിയന്ത്രണത്തിനായി മുളന്തുരുത്തി, വടവുകോട് ബ്ലോക്ക് പഞ്ചായത്തുകളിൽ ആരംഭിച്ച എബിസി കേന്ദ്രങ്ങളാണു രണ്ടു മാസത്തിലേറെയായി അടഞ്ഞു കിടക്കുന്നത്. ജീവനക്കാർക്കു കൃത്യമായി ശമ്പളം നൽകാത്തതിനാൽ തുടക്കം മുതലേ സെന്ററിന്റെ പ്രവർത്തനം അവതാളത്തിലായിരുന്നു. ജൂൺ മുതലുള്ള ശമ്പളം ജീവനക്കാർക്കു ലഭിക്കാനുണ്ട്.
നായ്ക്കളെ കൈകാര്യം ചെയ്യുന്ന 4 പേരും ഒരു ഡോക്ടറും ഒരു പാരാമെഡിക്കൽ സ്റ്റാഫും ശുചീകരണ തൊഴിലാളിയും അടക്കം 7 പേരാണ് ഓരോ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ട് സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടാത്തതാണു ശമ്പളം തടസ്സപ്പെടാൻ കാരണമായി അധികൃതർ പറയുന്നത്. ഇതു ലഭിച്ചാൽ പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനം ഊർജിതമാക്കുമെന്നു പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ ഡോ. അനിൽകുമാർ പറഞ്ഞു.
വ്യക്തതയില്ല
തെരുവുനായ നിയന്ത്രണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആദ്യം ഉദ്ഘാടനം ചെയ്ത അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രമാണ് മുളന്തുരുത്തിയിലേത്.എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ഇവിടെ ഒരു തെരുവുനായയെ പോലും വന്ധ്യംകരണം ചെയ്തതായി അറിവില്ലെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.
സ്കൂൾ പരിസരങ്ങളിൽ പോലും നായ്ക്കൾ ഭീഷണിയായി മാറിയപ്പോൾ വിവരം അറിയിച്ചെങ്കിലും വളർത്തു നായ്ക്കളുടെ വന്ധ്യംകരണം മാത്രമേ നടത്തുന്നുള്ളൂ എന്നാണ് അധികൃതർ അറിയിച്ചതെന്ന് ജില്ലാ പഞ്ചായത്തംഗം എൽദോ ടോം പോൾ പറയുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കാനെന്ന പേരിൽ ആരംഭിച്ച പദ്ധതി വളർത്തു നായ്ക്കൾക്കു വേണ്ടി മാറ്റുന്നതിൽ പ്രതിഷേധവും ശക്തമാണ്.
നിബന്ധനകളും തലവേദന
എബിസി കേന്ദ്രത്തിന്റെ പ്രവർത്തനത്തിലെ കർശന നിബന്ധനകളും തെരുവുനായ വന്ധ്യംകരണത്തിനു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നായ്ക്കളെ പിടികൂടി നിരീക്ഷിച്ച ശേഷമാണു ശസ്ത്രക്രിയ നടത്തുന്നത്. ഇതിനു ശേഷം മൂന്നു ദിവസത്തോളം ഇവയ്ക്കു ഭക്ഷണവും മരുന്നും നൽകി പരിചരിക്കും. പൂർണ ആരോഗ്യം നേടിയ ശേഷം പിടിച്ച സ്ഥലത്തു തന്നെ ഇവയെ തുറന്നുവിടണമെന്നാണ് നിബന്ധന. എന്നാൽ നായ്ക്കളെ പിടിച്ച സ്ഥലത്തു തന്നെ ഇറക്കി വിടുന്നതിലടക്കം പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണു പദ്ധതി കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതെന്നാണു വിലയിരുത്തൽ.
നായ്ക്കളെ നിരീക്ഷിക്കാനും പരിചരിക്കാനും മുളന്തുരുത്തിയിൽ 2 ഷെഡുകളിലായി 52 കൂടുകൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ കൂടുകൾ ഉപയോഗിക്കാതെ നശിക്കുകയാണ്.