ADVERTISEMENT

വൈപ്പിൻ∙ മുനമ്പം ഭൂമി വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ കഴിഞ്ഞതിൽ ആശ്വാസം അറിയിച്ചും അതേസമയം നിലപാടിൽ വിട്ടുവീഴ്ച ഇല്ലെന്ന് വ്യക്തമാക്കിയും മുനമ്പം ഭൂസംരക്ഷണ സമിതി. മുഖ്യമന്ത്രിയുമായി ഓൺലൈനിൽ നടത്തിയ കൂടിക്കാഴ്ചയെ പോസിറ്റീവ് എന്ന് വിശേഷിപ്പിച്ച സമിതി നേതാക്കൾ, ഇപ്പോൾ മുനമ്പത്ത് നടക്കുന്ന സമരം മാറ്റമില്ലാതെ തുടരുമെന്നും വ്യക്തമാക്കി. പ്രശ്നത്തിനു മൂന്നുമാസത്തിനകം ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ആശ്വാസകരമാണെന്നു സമിതി വിലയിരുത്തി. എന്നാൽ മുനമ്പത്തെ ഭൂമി വഖഫ് ബോർഡിന്റെ ആസ്തി റജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെടുന്നതു വരെ സമരം തുടരുമെന്ന മുൻ തീരുമാനത്തിൽ മാറ്റമില്ല. 

തങ്ങൾ ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രി വിശദമായി കേട്ടതായി യോഗ വിവരങ്ങൾ വിശദീകരിച്ച ഫാ. ആന്റണി സേവ്യർ പറഞ്ഞു.  മുനമ്പത്ത് ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആധാരങ്ങളും പരിശോധിക്കുന്ന നടപടിയാണ് ജുഡീഷ്യൽ കമ്മിഷൻ സ്വീകരിക്കുന്നതെങ്കിൽ അതിന് ഏറെ സമയം എടുക്കും. രൂപരേഖ തയാറാകുന്നതിനു മുൻപ് അന്വേഷണ കമ്മിഷൻ ചില മാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങളിൽ സമിതി നേതാക്കൾ മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചു. 

റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതി ഡിവിഷൻ മുൻപാകെ ഹാജരായി എതിർ സത്യവാങ്മൂലം നൽകുമെന്നു മുഖ്യമന്ത്രി അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഭൂമിയിൽ മൂന്നര ദശകത്തിലേറെ അനുഭവിച്ചുവരുന്ന റവന്യു അവകാശങ്ങൾ നിയമപരമായി പരിരക്ഷിക്കാൻ കഴിയുന്ന മാർഗങ്ങൾ ആയിരിക്കണം കമ്മിഷൻ ആരായേണ്ടത് എന്ന നിലപാടും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ അതു സാധിച്ചാൽ തങ്ങൾക്ക് ക്രിസ്മസ്– പുതുവത്സര സമ്മാനമായിരിക്കും എന്നും ഫാ. ആന്റണി സേവ്യർ പറഞ്ഞു. ഓൺലൈൻ മീറ്റിങ്ങിന് അപ്പുറം നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ അവസരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും തുടരുമെന്ന നിലപാട് തങ്ങൾ വ്യക്തമാക്കിയതായി ഭാരവാഹികൾ പറഞ്ഞു. ഇപ്പോഴത്തെ രീതിയിൽ തികച്ചും സമാധാനപരമായാണ് ഇനിയും സമരം മുന്നോട്ടു പോകുക. 

‘ജുഡീഷ്യൽ കമ്മിഷൻ നിയമനം  ഇരട്ടത്താപ്പ് ’
കൊച്ചി∙ മുനമ്പം ഭൂമി പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ജുഡീഷ്യൽ കമ്മിഷൻ നിയമനം ഇരട്ടത്താപ്പാണെന്നു കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ചു വഖഫ് ബോർഡ് തുടങ്ങിവച്ച നടപടികൾ നിർത്തിവയ്ക്കണമെന്നും നീതിപൂർവമായ പരിഹാര നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു, സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പനയുടെ അധ്യക്ഷത വഹിച്ചു.  ഡയറക്ടർ ഫാ ജിജു ജോർജ് അറക്കത്തറ ഉദ്ഘാടനം ചെയ്തു.

English Summary:

The Munambam land dispute continues as the Bhoosamrakshana Samithi, while encouraged by talks with the Chief Minister, maintains their protest demanding the land be removed from the Waqf Board's control.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com