ഇരച്ചിൽപാറ - സുരക്ഷയില്ലാത്ത വെള്ളച്ചാട്ടം
Mail This Article
മറയൂർ ∙ അഞ്ചുനാട് മേഖല സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഇരച്ചിൽപാറ വെള്ളച്ചാട്ടത്തിനു സമീപം അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷയോ ഒരുക്കാതെ അധികൃതർ. മന്നവൻ ചോലയിൽ നിന്നു ഉത്ഭവിച്ച് കൃഷിപ്പാടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തി ചുരക്കുളം ആദിവാസി കോളനിക്ക് സമീപം 200 അടിയോളം ഉയരമുള്ള പാറയിൽ നിന്ന് വീഴുന്ന ഈ വെള്ളച്ചാട്ടം കുട്ടികൾക്കും മുതിർന്നവർക്കും പ്രിയമാണ്.
എന്നാൽ ഇവിടേക്ക് എത്തിപ്പെടണമെങ്കിൽ പാമ്പാറിന്റെ തീരത്തു കൂടിയുള്ള അപകടകരമായ മൺ പാതയിലൂടെ വേണം സഞ്ചരിക്കാൻ. ഇവിടെയാകട്ടെ സൂചന ബോർഡുകൾ സ്ഥാപിക്കാനോ സുരക്ഷിതമായ പാത ഒരുക്കാനോ സാധിച്ചിട്ടില്ല. കൂടാതെ ഒട്ടേറെ സ്ത്രീകളും കുട്ടികളുമടക്കം വിനോദ സഞ്ചാരികൾ എത്തുന്ന ഇവിടെ ശുചിമുറിയോ മറ്റ് സൗകര്യങ്ങളോ ഇല്ല.
വെള്ളച്ചാട്ടത്തിലേക്ക് കൃത്യവും സുരക്ഷിതവുമായ വഴിയില്ലാത്തതിനാൽ അപകട സാധ്യത ഏറുന്നതിനൊപ്പം വാഹനങ്ങൾ മടങ്ങിപ്പോകാൻ കഴിയാതെ കുരുങ്ങുന്നതും പതിവാണ്. പഞ്ചായത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് തന്നെ മുതൽക്കൂട്ടാകുന്ന ഈ വെള്ളച്ചാട്ടത്തിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ആപത്തുള്ള താഴ്ഭാഗത്തേക്ക് സുരക്ഷ മാർഗങ്ങളൊരുക്കി കൃത്യമായ പാത ഒരുക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.