ADVERTISEMENT

മുട്ടം∙ മലങ്കര ടൂറിസം സ്പോട്ടിൽ താമസിക്കുന്ന 13 കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു. മലങ്കര ഡാമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 4 പതിറ്റാണ്ടു മുൻപ് ഡാമിന്റെ പരിസരത്തു കുടിൽ കെട്ടി താമസിച്ചവരുടെ പുനരധിവാസമാണു വൈകുന്നത്. ഭൂമി നൽകാൻ 3 വർഷം മുൻപ് ഇറിഗേഷൻ വകുപ്പിന് സർക്കാർ ഉത്തരവായിരുന്നു. ഇതനുസരിച്ച് മലങ്കര ഹില്ലി അക്വാ ഫാക്ടറിക്കു സമീപം 13 കുടുംബങ്ങൾക്കായി സ്ഥലം അളന്നു നൽകി. തുടർന്ന് ഇവർക്കു വീട് നിർമിക്കുന്നതിനു പഞ്ചായത്തിൽ നിന്നു തുകയും അനുവദിച്ചു.

idukki-houses
മലങ്കര ടൂറിസം കേന്ദ്രത്തിനു സമീപം പുറമ്പോക്കിൽ താമസിക്കുന്നവർക്കുള്ള വീടുകളുടെ നിർമാണം പൂർത്തിയാകാത്ത നിലയിൽ.

നിർമാണ ജോലികൾ കരാർ നൽകി. വീട് നിർമാണം 6 മാസം മുൻപ് തുടങ്ങിയെങ്കിലും 5 വീടുകൾ ഭാഗികമായി മാത്രമാണ് പൂർത്തിയാക്കിയത്. ബാക്കി വീടുകളുടെ നിർമാണം ഇനിയും തുടങ്ങാൻ സാധിച്ചിട്ടില്ല. ഇവർക്കായി അനുവദിച്ച സ്ഥലം ചെങ്കുത്തായ പ്രദേശമാണ്. ഇവിടെ വീട് നിർമിക്കണമെങ്കിൽ സംരക്ഷണ ഭിത്തി കെട്ടണം. ഇതിനായി തുക നൽകണമെന്നാവശ്യപ്പെട്ട് പുറമ്പോക്ക് നിവാസികൾ ജനപ്രതിനിധികളെ കണ്ടെങ്കിലും നടപടിയായില്ല. ഇതിനിടെ നിർമാണത്തിനായി മണ്ണുമാറ്റിയതിനാൽ ചിലയിടങ്ങളിൽ ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതായി ഇവർ പറയുന്നു. 

ഒരു മഴക്കാലം കൂടി എത്തിയതോടെ ഇപ്പോൾ പുറമ്പോക്കിലുള്ള കുടിലുകളിലെ കുടുംബങ്ങൾ ആശങ്കയിലായിരിക്കുകയാണ്. ഇവരുടെ പുനരധിവാസം വൈകുന്നത്  മലങ്കര ടൂറിസം പദ്ധതിയുടെ പ്രവർത്തനത്തിന് തടസ്സമാകും. ഇവർ ഇപ്പോൾ കുടിൽ കെട്ടി താമസിക്കുന്ന സ്ഥലത്താണ് മലങ്കര ടൂറിസത്തിന്റെ പദ്ധതി പ്രദേശം. ടൂറിസം പദ്ധതി വിപുലപ്പെടുത്താൻ ഈ കുടിലുകൾ ഇവിടെ നിന്നു മാറ്റണം. ഇതിനായി കഴിഞ്ഞ വർഷം തന്നെ നടപടികൾ പൂർത്തിയായെങ്കിലും ഇവർക്ക് പകരം നൽകേണ്ട വീടിന്റെ നിർമാണം പുരോഗമിക്കാത്തതാണ് പുനരധിവാസം വൈകാൻ കാരണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com