പടിവാതിൽ തുറന്ന് പള്ളിക്കൂടം
Mail This Article
10 മാസങ്ങൾക്ക് ശേഷം സ്കൂളുകൾ തുറന്നപ്പോൾ ആവേശത്തോടെയാണ് വിദ്യാർഥികൾ സ്കൂളിലെത്തിയത്. സ്കൂളിൽ എത്തിയ വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച് കൈകൾ അണുവിമുക്തമാക്കിയ ശേഷം ആണ് ക്ലാസുകളിൽ കയറിയത്. അകലം പാലിച്ചും, മാസ്ക് ധരിച്ചും കുട്ടികൾ ക്ലാസിൽ പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളിൽ ഇരുന്ന് പഠനം തുടങ്ങി. ആശങ്കകൾക്കും കരുതലിനുമൊപ്പം ജില്ലയിലെ സ്കൂളുകളിലെ ഇന്നലത്തെ കാഴ്ചകൾ ഇങ്ങനെ;
തൊടുപുഴ
തൊടുപുഴ ഡോ.എ.പി.ജെ. അബ്ദുൽകലാം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിലെ ആകെയുള്ള 18 കുട്ടികളിൽ 9 പേർ ഇന്നലെ സ്കൂളിലെത്തി. പത്താം ക്ലാസിലെ അധ്യാപകരെല്ലാം ഇന്നലെ എത്തിയിരുന്നു. മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂളിൽ പത്താം ക്ലാസിലെ ആകെയുള്ള 124 കുട്ടികളിൽ 57 പേർ ഇന്നലെ എത്തി. 6 മുറികളിലായാണു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്.
ബാക്കിയുള്ള കുട്ടികൾക്കു തിങ്കളാഴ്ച ക്ലാസ് നടക്കും. മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു കംപ്യൂട്ടർ സയൻസിലെ 2 ബാച്ചിലെയും ബയോളജി ഒരു ബാച്ചിലെയും കുട്ടികൾക്ക് ഇന്നലെ ക്ലാസുകൾ നടന്നു. കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 10, 12 ക്ലാസുകൾക്കായുള്ള അധ്യയന വർഷത്തിനു തുടക്കമായി.
ആദ്യഘട്ടത്തിൽ 50 ശതമാനം കുട്ടികൾ മാത്രമാണു സ്കൂളിലെത്തിയത്. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ഒരു ക്ലാസ് മുറിയിൽ 10 കുട്ടികളാണ് ഇപ്പോൾ പഠനം നടത്തുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന ക്ലാസ്സുകൾക്കായി 16 ക്ലാസ് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവയുടെ കാർക്കശ്യത്തോടെ ആദ്യദിനം സുഗമമായി തുടങ്ങി.
വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ 50 ശതമാനം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. ആകെ 104 കുട്ടികളാണ് ഇവിടെ പത്താം ക്ലാസിലുള്ളത്. തൊടുപുഴ ജയ്റാണി ഇഎംഎച്ച്എസ്എസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ ക്ലാസുകൾ തുടങ്ങി. മേഖലയിലെ മറ്റ് സ്കൂളുകളിലും 10, 12 ക്ലാസുകൾ ഇന്നലെ ആരംഭിച്ചു.
മാസ്ക്കും സാനിറ്റൈസറും ശാരീരിക അകലവും നിർബന്ധമാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളിലെത്തിയ കുട്ടികൾക്കു ആത്മവിശ്വാസം പകരാനും അധ്യാപകർ ശ്രദ്ധ പുലർത്തി. പല കുട്ടികളുടെയും ഒപ്പം രക്ഷിതാക്കളും സ്കൂളിൽ എത്തിയിരുന്നു. സ്വന്തം വാഹനങ്ങളിലാണ് പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ എത്തിച്ചതും തിരികെ കൊണ്ടുപോയതും.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയിരുന്നു. ഓരോ ക്ലാസിനു ശേഷവും ക്ലാസ് മുറികൾ അണുവിമുക്തമാക്കാൻ സ്കൂളധികൃതർ ശ്രദ്ധിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസുകളുടെ സംശയ നിവാരണവും റിവിഷനുമാണ് ക്ലാസുകളുടെ ലക്ഷ്യം.
മൂലമറ്റം
മൂലമറ്റം,അറക്കുളം വെള്ളിയാമറ്റം, മുട്ടം, കുടയത്തൂർ പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ ഇന്നലെ 10, 12 ക്ലാസുകളിൽ പഠനം ആരംഭിച്ചു. മിക്ക സ്‌കൂളുകളിലും 90 ശതമാനത്തിലധികം കുട്ടികൾ എത്തിയിരുന്നു.
സ്‌കൂൾ ബസുകളില്ലാത്തതിനാൽ ഏറെ കുട്ടികളും പൊതുഗതാഗതമാണ് ആശ്രയിച്ചത്. ബസുകളിൽ കാര്യമായ തിരക്കില്ലാതിരുന്നത് കുട്ടികൾക്ക് ആശ്വാസമായി. ഒട്ടേറെ വിദ്യാർഥികളെ സ്‌കൂളുകളിൽ എത്തിച്ചത് രക്ഷിതാക്കളാണ്.
ഇന്നലെ ഉച്ചവരെ മാത്രമാണ് പഠനം നടന്നത്. അവധി ദിനങ്ങളായിരുന്നതിനാൽ പൊതുഗതാഗത സംവിധാനത്തിൽ യാത്രക്കാർ കുറവായിരുന്നത് വിദ്യാർഥികൾക്ക് ഏറെ സൗകര്യമായി. എന്നാൽ അടുത്തയാഴ്ച മുതൽ യാത്രക്കാർ കൂടിയാൽ വിദ്യാർഥികൾക്ക് സ്‌കൂളിൽ എത്തുന്നതും മടങ്ങുന്നതും ബുദ്ധിമുട്ടാകും.
മൂന്നാർ
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ വിദ്യാലയങ്ങൾ തുറന്നെങ്കിലും ഹാജർ നില കുറവായിരുന്നു. പുതുവത്സര ദിനമായതിനാലാണു കുട്ടികൾ കുറഞ്ഞതെന്നാണ് അധ്യാപകരുടെ വിശദീകരണം. തോട്ടം മേഖലയിലെ പല സ്കൂളുകളും തിങ്കൾ മുതൽ മാത്രമേ തുറക്കുകയുള്ളു.
മൂന്നാർ, ദേവികുളം സർക്കാർ സ്കൂളുകൾ ഇന്നലെ തുറന്നെങ്കിലും 40 ശതമാനം കുട്ടികൾ മാത്രമാണ് ഹാജരായത്. എസ്റ്റേറ്റുകളിലെ മിക്ക സ്കൂളുകളും ഇന്നലെ പ്രവർത്തിച്ചില്ല. തമിഴ് കുട്ടികൾ കൂടുതലുള്ള ഈ സ്കൂളുകളിൽ വിദൂര പ്രദേശങ്ങളിൽ നിന്നുള്ള അധ്യാപകരാണ് കൂടുതലും. ഇവർക്ക് എത്തിച്ചേരാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് ഈ സ്കൂളുകൾ തുറക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
മൂന്നാർ മേഖലയിൽ കുട്ടികൾക്ക് വിദ്യാലയങ്ങളിലേക്കുള്ള യാത്രയും ബുദ്ധിമുട്ടാണ്. സമാന്തര സർവീസുകളെ ആണ് ഇവർ ആശ്രയിച്ചിരുന്നത്. കോവിഡിനെ തുടർന്ന് വർധിപ്പിച്ച നിരക്ക് കുറയ്ക്കാത്തതു മൂലം വണ്ടിക്കൂലിയായി വലിയ തുക കുട്ടികൾക്ക് കണ്ടെത്തേണ്ടി വരുന്നു.
മറയൂർ
ഒട്ടേറെ ആദിവാസി,ഗ്രാമീണ വിദ്യാർഥികൾ പഠിക്കുന്ന മറയൂർ മേഖലയിൽ പത്ത്, പ്ലസ്ടു ക്ലാസുകൾ ആരംഭിച്ചു. സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.
മലയോര മേഖലയായ ഇവിടെ പതിവായുള്ള വൈദ്യുതി മുടക്കം മൂലവും ഇന്റർനെറ്റ് ലഭിക്കാത്തത് മൂലവും ഓൺലൈൻ ക്ലാസുകൾ യഥാസമയം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ക്ലാസുകൾ പുനരാരംഭിച്ചിരിക്കുന്നത് ഏറെ ആശ്വാസകരമായതായി വിദ്യാർഥികളും അധ്യാപകരും പറയുന്നു.
അടിമാലി
കോവിഡ് ആശങ്കയ്ക്ക് ഇടയിലും വിദ്യാർഥികൾ എത്തിയതോടെ അടിമാലി മേഖലയിലെ കലാലയങ്ങൾ ഭാഗികമായി സജീവം. അടിമാലി ഗവ. ഹൈസ്കൂൾ, എസ്എൻഡിപി വൊക്കേഷനൽ ഹയർ സെക്കൻഡറി, ദേവിയാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയാണ് ഇന്നലെ ക്ലാസുകൾ നടന്നത്.
കെട്ടിട സൗകര്യം കൂടുതലായുള്ളതും വിദ്യാർഥികൾ കുറവുള്ളതുമായ സ്കൂളുകളിൽ എല്ലാ കുട്ടികളും എത്തിയിരുന്നു. കൂമ്പൻപാറ ഫാത്തിമമാതാ, മാങ്കുളം സെന്റ് മേരീസ്, മാങ്കടവ് കാർമൽ മാതാ, പാറത്തോട് സെന്റ് ജോർജ്, പൊന്മുടി സെന്റ് മേരീസ്, തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് തുടങ്ങിയ സ്കൂളുകളിൽ പലതിലും പകുതിയോളം കുട്ടികൾക്കാണ് ഇന്നലെ ക്ലാസുകളിൽ എത്തുന്നതിന് നിർദേശം നൽകിയിരുന്നത്.
പണിക്കൻകുടി, ചിത്തിരപുരം, കല്ലാർകുട്ടി, വെള്ളത്തൂവൽ, മുക്കുടം, മുനിയറ, കല്ലാർ വട്ടിയാർ, മച്ചിപ്ലാവ്, മന്നാങ്കണ്ടം സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറവുള്ളിടത്ത് എല്ലാവരും ക്ലാസുകളിൽ എത്തുന്നതിനുള്ള നിർദേശം അധികൃതർ നൽകിയിരുന്നു.
അടിമാലി വിവേകാനന്ദ വിദ്യാ സദൻ, വിശ്വ ദീപ്തി, ഈസ്റ്റേൺ പബ്ലിക് സ്കൂളുകളിലും ഇന്നലെ ക്ലാസുകൾ ഭാഗികമായി ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി വാഹനം ഉണ്ടെങ്കിലും ചില സ്കൂളുകൾ ഇവ നിരത്തിലിറക്കാൻ കൂട്ടാക്കിയിട്ടില്ല. ഇതോടെ കോവിഡ് ഭീതിയിലും വിദ്യാർഥികളുടെ യാത്ര സ്വകാര്യ ബസുകളിൽ ആയിരുന്നു.
രാജാക്കാട്
രാജകുമാരി മേഖലയിലെ സ്കൂളുകളിൽ 10, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഇന്നലെ മുതൽ സ്കൂളുകളിൽ എത്തി തുടങ്ങി. സേനാപതി എംബിവിഎച്ച്എസ്എസ്, രാജകുമാരി ഗവ.വിഎച്ച്എസ്എസ്, രാജാക്കാട് ഗവ.എച്ച്എസ്എസ്, എൻആർ സിറ്റി എസ്എൻവിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ വിദ്യാർഥികളുടെ സംശയ നിവാരണത്തിന് അധ്യാപകർ അവസരമൊരുക്കി.
ഓരോ ക്ലാസുകളിലും പകുതി വിദ്യാർഥികളെ മാത്രമാണ് പ്രവേശിപ്പിച്ചത് എങ്കിലും മിക്ക സ്കൂളുകളിലും കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 3.30 നു ശേഷമാണ് വിദ്യാർഥികൾ മടങ്ങിയത്. സ്കൂൾ ബസ് സൗകര്യങ്ങളില്ലാത്തതിനാലാണു വിദ്യാർഥികളുടെ എണ്ണം 50 ശതമാനത്തിലും കുറഞ്ഞതെന്നാണ് സൂചന. എല്ലാ സ്കൂളുകളിലും മുഴുവൻ അധ്യാപകരും ഇന്നലെ ജോലിക്കെത്തിയിരുന്നു.
ചെറുതോണി
ആദ്യ ദിവസം സ്കൂളുകളിൽ തൊണ്ണൂറ്റിയെട്ട് ശതമാനം വിദ്യാർഥികളും എത്തിയതായി വിവിധ സ്കൂളുകളിലെ അധ്യാപകർ പറഞ്ഞു. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ബാച്ചിൽ ആകെയുള്ള 320 വിദ്യാർഥികളിൽ പകുതി പേർ ആദ്യ ദിവസം എത്തിയപ്പോൾ പത്താം ക്ലാസിൽ രണ്ട് ഷിഫ്റ്റിലായി 100 കുട്ടികളാണ് എത്തിയത്.
ഇന്ന് രണ്ട് ഷിഫ്റ്റിലായി 98 കുട്ടികൾ പേർ കുടി പത്താം ക്ലാസിൽ എത്തുമെന്ന് അധ്യാപകർ പറഞ്ഞു. മണിയാറൻകുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ബാച്ചിലെ 23 കുട്ടികളും പത്താം ക്ലാസിലെ 13 കുട്ടികളും ഒരു ബാച്ചായി ക്ലാസിൽ എത്തി. മരിയാപുരത്തും മുരിക്കാശേരിയിലും കഞ്ഞിക്കുഴിയിലും തോപ്രാംകുടിയിലും പതിനാറാംകണ്ടത്തുമെല്ലാം ഇത്തരത്തിൽ ചിട്ടയോടെ ക്ലാസുകൾ ആരംഭിച്ചു.
നെടുങ്കണ്ടം
നെടുങ്കണ്ടം മേഖലയിലെ സ്കൂളുകളിൽ സാമുഹിക അകലം പാലിച്ചുള്ള അസംബ്ലികളും ഉച്ചഭക്ഷണവും കൗതുകമായി. കല്ലാർ ഗവ ഹയർ സെക്കൻഡറി സ്കൂൾ, ചോറ്റുപാറ ഗവ ഹൈസ്കൂൾ, ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂൾ എന്നീ സ്കൂളുകളാണ് തുറന്നത്.
50 ശതമാനം വിദ്യാർഥികൾ ക്ലാസുകളിൽ പങ്കെടുത്തു. മാസ്കും സാനിറ്റൈസറും, ഹാൻഡ് വാഷ് സംവിധാനവും സ്കൂളുകളിൽ ഉറപ്പാക്കി. തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച് ശേഷമാണ് കുട്ടികളെ ക്ലാസിലേക്ക് പ്രവേശിപ്പിച്ചത്.
ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന കല്ലാർ സ്കൂൾ തുറന്നു. 356 വിദ്യാർഥികൾ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതും. ക്ലാസുകൾ നടത്താനായി 20 ക്ലാസ് മുറികൾ ഒരുക്കി. 10-ാം ക്ലാസിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസും നടത്തി.
കട്ടപ്പന
ബെൽ മുഴങ്ങാത്ത വിദ്യാലയങ്ങളിൽ അകലമിട്ടാണെങ്കിലും പുതുവർഷ പുലരിയിൽ ഒത്തുചേരാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ വിദ്യാർഥികൾ. ചിലയിടങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെയും മറ്റു ചിലയിടങ്ങളിൽ 10 മുതൽ 1 വരെയുമാണ് ക്ലാസ് നടത്തിയത്. ഒരു ക്ലാസ് മുറിയിൽ പരമാവധി 12 പേരെയാണ് പങ്കെടുപ്പിക്കാനായത്.
ആദ്യദിനം ക്ലാസുകൾക്ക് പകരം കുട്ടികളുമായി ആശയവിനിമയം നടത്താനാണ് അധ്യാപകർ ശ്രമിച്ചത്. ആവശ്യമായ കുട്ടികൾക്ക് കൗൺസലിങ് സൗകര്യവും ഒരുക്കി. ആദ്യദിനം ഭൂരിഭാഗം അധ്യാപകരും എത്തിയെങ്കിലും വരും ദിവസങ്ങളിൽ അത് 50 ശതമാനമായിരിക്കും. അധ്യാപകരും പിടിഎ ഭാരവാഹികളും പഞ്ചായത്ത് അംഗവും ഉൾപ്പെടുന്ന കോവിഡ് സെല്ലിന്റെ മേൽനോട്ടത്തിലാണ് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ചത്.
സ്‌കൂൾ ബസുകളുടെ അഭാവത്തിൽ ഭൂരിഭാഗം രക്ഷിതാക്കളും നേരിട്ടാണ് കുട്ടികളെ സ്‌കൂളുകളിൽ എത്തിച്ചത്. പത്താം ക്ലാസിനെ അപേക്ഷിച്ച് ദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്ന പ്ലസ്ടു വിദ്യാർഥികൾക്ക് യാത്രാക്ലേശം ഉണ്ടായി.
കുമളി
കുമളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി ബാച്ചിൽ മലയാളം മീഡിയത്തിൽ 12 വിദ്യാർഥികളും തമിഴ് മീഡിയത്തിൽ 25 വിദ്യാർഥികളുമാണ് ആദ്യ ദിവസമെത്തിയത്. 50 ശതമാനം അധ്യാപകരും ഹാജരായിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിലും 50 ശതമാനം എന്ന പരിധി പാലിച്ചായിരുന്നു ക്ലാസ്.
അമരാവതി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 26 കുട്ടികളാണ് എസ്എസ്എൽസി ക്ലാസിലെത്തിയത്. 15 അധ്യാപകരും ഹാജരായി. തിങ്കളാഴ്ച മുതൽ 50 കുട്ടികൾക്ക് ക്ലാസിലെത്താം. ഒരു ബഞ്ചിൽ ഒരാൾ എന്ന നിലയിലായിരിക്കും ക്രമീകരണം. ഹയർ സെക്കൻഡറിയിൽ 10 കുട്ടികളാണ് ഇന്നലെ എത്തിയത്. വെള്ളാരംകുന്ന് സെന്റ് മേരീസ് സ്കൂളിൽ ഇന്നലെ മാതാപിതാക്കളുടെ യോഗം ചേർന്നു.
പീരുമേട്
താലൂക്കിലെ എല്ലാ സ്കൂളുകളിലും ഐഎച്ച്ആർഡി സ്കൂളിലും അധ്യയനം പുനരാരംഭിച്ചു . ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ താപനില പരിശോധിച്ച് ഉറപ്പിച്ചശേഷം ശേഷം ആണ് ഭൂരിപക്ഷം സ്കൂളിലും കുട്ടികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചത് . ക്ലാസ് മുറികൾ നേരത്തെ തന്നെ ശുചീകരിച്ചിരുന്നു .
സ്വകാര്യ –കെഎസ്ആർടിസി ബസ് സർവീസുകൾ കുറവു നേരിടുന്ന പ്രദേശങ്ങളിൽ സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ വാഹനക്രമീകരണം ഏർപ്പെടുത്തി നൽകി.മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടു തന്നെയാണ് ക്ലാസ് നടന്നത്. 80 മുതൽ 90 ശതമാനം വരെ വിദ്യാർഥികൾ ഹാജരായി എന്ന് ആണ് കണക്കുകൾ .